
തൃശൂർ: രാഗം സുനിൽ വധശ്രമക്കേസിൽ പ്രവാസി വ്യവസായി റാഫേലിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പോലീസ്. എല്ലാ വിമാനത്താവളങ്ങളിലേയ്‌ക്കും ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. റാഫേലിനെ ഇന്ത്യയിൽ വിമാനമിറങ്ങിയാൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നിലവിൽ ഇരിങ്ങാലക്കുടയിലെ വീട് പൂട്ടിയ നിലയിലാണ്. സിനിമ നിർമാതാവും ഇരിങ്ങാലക്കുടയിലെ തിയറ്റർ ഉടമയുമാണ് റാഫേൽ. സുനിലുമായുളള സാമ്പത്തിക തർക്കത്തിൽ റാഫേൽ ക്വട്ടേഷൻ കൊടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തന്നെ വെട്ടിക്കൊല്ലാൻ സിജോയ്‌ക്ക് ക്വട്ടേഷൻ നൽകിയത് റാഫേൽ ആണെന്ന് സുനില്‍ ആരോപിച്ചിരുന്നു. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെ ചൊല്ലി റാഫേലുമായി തർക്കമുണ്ടായി. ഒരു വർഷം മുമ്പ് സിജോ ഭീഷണിപ്പെടുത്തിയത് റാഫേൽ പറഞ്ഞിട്ടാണ്.
സിജോയും റാഫേലും ഒരു വർഷം മുമ്പത്തെ കേസിൽ കൂട്ടുപ്രതികളാണ്. സുനിലിനെ വെട്ടിയ കേസിൽ റിമാൻഡിലാണ് സിജോ. സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു.