• Sat. Dec 20th, 2025

24×7 Live News

Apdin News

രാജധാനി എക്‌സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകള്‍ ചരിഞ്ഞു, അഞ്ച് കോച്ചുകള്‍ പാളം തെറ്റി

Byadmin

Dec 20, 2025



ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.

ശനിയാഴ്ച പുലർച്ചെ 2:17-ഓടെ ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. സൈറംഗിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന 20507 ഡിഎൻ രാജധാനി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടയുടൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും വേഗതയിലായിരുന്ന ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ഈ പ്രദേശം ആനകളുടെ സ്ഥിരം സഞ്ചാരപാതയായി (Elephant Corridor) അടയാളപ്പെടുത്തിയ ഇടമല്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

അപകടം നടന്ന ഉടൻ തന്നെ ലുംഡിംഗിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ദുരിതാശ്വാസ ട്രെയിനുകളും സ്ഥലത്തെത്തി. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ ഉടൻ തന്നെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ഈ പാതയിലെ ട്രെയിനുകൾ ‘അപ് ലൈൻ’ വഴി തിരിച്ചുവിട്ടു.

By admin