• Tue. Aug 26th, 2025

24×7 Live News

Apdin News

രാജസ്ഥാനില്‍ വന്‍ മഴക്കെടുതി; സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗര്‍ത്തമായി മാറി

Byadmin

Aug 26, 2025


രാജസ്ഥാനില്‍ വന്‍ മഴക്കെടുതിയില്‍ സവായ് മധോപൂര്‍ ജില്ലയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് സുര്‍വാള്‍ അണക്കെട്ട് കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം. നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.

സുര്‍വാള്‍, ധനോലി, ഗോഗോര്‍, ജാദവത, ശേഷ, മച്ചിപുര എന്നിവയുള്‍പ്പെടെയുള്ള മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയില്‍പ്പെട്ടു. ജനം കൂട്ടത്തോടെ പലായനം ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

കനത്ത മഴയും അതിനെത്തുടര്‍ന്നുണ്ടായ പ്രളയവും രാജസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കൊപ്പം, മോശം ഡ്രെയിനേജ് സംവിധാനങ്ങള്‍ പോലുള്ള മാനുഷികമായ അപാകതകളും ഈ പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്.

മഴയെത്തുടര്‍ന്ന് ജയ്പൂരിലെ പ്രധാന റോഡായ ജയ്പൂര്‍ റോഡ് സര്‍വീസ് ലെയ്ന്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലകപ്പെട്ടു. പലയിടത്തും ജലനിരപ്പ് രണ്ടടി വരെ ഉയര്‍ന്നത് നിരവധി റെസിഡന്‍ഷ്യല്‍ കോളനികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി. റോഡുകള്‍ക്ക് പുറമെ, വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും വെള്ളം കയറിട്ടുണ്ട്.

വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം ഡ്രെയിനേജ് സംവിധാനങ്ങളുടെ മോശം പരിപാലനമാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍ എച്ച് എ ഐ) നിര്‍മ്മിച്ച ഡ്രെയിനേജ് സംവിധാനങ്ങള്‍ തകരാറിലായതാണ് വെള്ളക്കെട്ട് കൂടാന്‍ കാരണമെന്നും അവര്‍ പറയുന്നു. ലാല്‍സോട്ട് ബൈപാസ് കല്‍വെര്‍ട്ടില്‍ വലിയ വെള്ളക്കെട്ടും റോഡില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.

By admin