ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.
53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.