ചേര്‍ത്തല: മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രാജീവ് ആലുങ്കലിന്. മൂന്നര പതിറ്റാണ്ടിലേക്ക് അടുക്കുന്ന സാര്‍ത്ഥകമായ ഗാനരചന സപര്യക്ക് ഒരു പൊന്‍തൂവല്‍ കൂടി. വള്ളുവനാട് ബ്രഹ്‌മയുടെ ‘പകലില്‍ മറഞ്ഞിരുന്നൊരാള്‍’ എന്ന നാടകത്തിലെ ”ഇരുളില്‍ വെയില്‍ കോലം തെളിയും കനല്‍ കാലം” എന്ന ഗാനത്തിനും, ”പകലിലാരൊരാള്‍ പതിതരാഗമായ്” എന്ന ഗാനത്തിനുമാണ് അംഗീകാരം. അനില്‍ മാളയും റെജി ഗോപിനാഥുമാണ് പാട്ടുകള്‍ക്ക് ഈണം നല്‍കിയത്. ഹേമന്ത് കുമാറിന്റെ നാടകരചനയ്‌ക്ക് രാജേഷ് ഇരുളത്തിന്റെ സംവിധാനം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേദികള്‍ പിന്നിട്ട നാടകത്തിലെ പാട്ടുകള്‍ക്ക് തന്നെ അംഗീകാരവും തേടിയെത്തി.
1993ല്‍ ചേര്‍ത്തല ഷൈലജയുടെ മാന്ത്രികക്കരടി എന്ന നാടകത്തില്‍ രാജീവ് പാട്ടെഴുതി തുടങ്ങുമ്പോള്‍ പ്രായം 19 തികഞ്ഞിട്ടില്ല. കേരളത്തിലെ ഒട്ടുമിക്ക പ്രൊഫഷണല്‍ നാടക സമിതികള്‍ക്കും പാട്ടെഴുതി നിറഞ്ഞ് നില്‍ക്കുമ്പോഴാണ് ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ 2002ല്‍ രാജീവ് ആലുങ്കലിന്റെ ചലച്ചിത്ര ഗാനരചന രംഗത്തേയ്‌ക്കുള്ള പ്രവേശനം. ഒട്ടും താമസിയാതെ തന്നെ 2004ല്‍ മികച്ച നാടക ഗാനരചയിതാവിനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം ചേര്‍ത്തലയിലേക്ക് എത്തി. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴും തട്ടകമായ നാടകത്തെ ചേര്‍ത്തുപിടിച്ചതിന് 2013ല്‍ കേരള സംഗീത നാടക ആക്കാദമിയുടെ സമഗ്ര സംഭവനാ പുരസ്‌കാരമായ കലാശ്രീ പുരസ്‌കാരവും രാജീവ് ആലുങ്കലിനെ തേടിയെത്തി.
ആ പുരസ്‌കാരം ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗാനരചയിതാവെന്ന ഖ്യാതിയും രാജീവിന് സ്വന്തം. ഇതുവരെ 300ല്‍ ഏറെ നാടകങ്ങളിലായി ആയിരത്തില്‍പ്പരം പാട്ടുകള്‍.
പാട്ടെഴുതിയ സിനിമകളുടെ എണ്ണം 135. പുറമേ മുന്നൂറിലേറെ ഓഡിയോ കാസറ്റുകളിലായി വിശാലമായ പാട്ടുലോകം. പാട്ടെഴുത്തില്‍ നാല് തലമുറകളോടൊപ്പം സഞ്ചരിച്ച ധന്യതയുടെ നിറവിലാണ് രാജീവ് ആലുങ്കലിന്റെ എഴുത്ത് ജീവിതത്തിന്റെ ഒഴുക്ക്.
നാടകത്തിലും, സിനിമയിലും, ആല്‍ബങ്ങളിലുമായി മൂന്ന് ദശകങ്ങള്‍കൊണ്ട് പിറന്നത് നാലായിരത്തിലേറെ പാട്ടുകള്‍. ഈ തലമുറയില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത അവസരസൗഭാഗ്യമാണിത്. കടന്നുവന്ന വഴികളില്‍ കണ്ടുമുട്ടിയവരെല്ലാം കടപ്പെട്ടവരെന്ന് രാജീവ് ആലുങ്കല്‍ മനസ് തുറക്കുന്നു.