തിരുവനന്തപുരം: ബിജെപി സംസ്ഥാനപ്രസിഡന്‍റും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറായി. ഒരിടത്തെങ്കിലും താമര വിരിയിക്കണമെന്ന വാശിയില്‍ തുടങ്ങിയ യാത്ര മൂന്നിടത്ത് താമര വിരിയുന്നതിലും ആറ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തുന്നതിലും കലാശിച്ചു.
ഡബിള്‍ പൂട്ടിട്ട് പൂട്ടിയെന്ന് സിപിഎം വീമ്പിളക്കിയ നേമത്ത് ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് രാജീവ് ചന്ദ്രശേഖറും. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തോല്‍പിച്ച് വി.മുരളീധരനും സിപിഐയുടെ ആര്‍. രാജേന്ദ്രനെ തോല്‍പിച്ച് ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാറുമാണ് മൂന്നിടത്ത് താമര വിരിയിച്ചവര്‍. ആറിടത്താണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. തിരുവല്ല, പാലക്കാട്, മലമ്പുഴ, ആറ്റിങ്ങല്‍, കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
തിരുവല്ലയില്‍ അനൂപ് ആന്‍റണി, പാലക്കാട് ശോഭാ സുരേന്ദന്‍, മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍, ആറ്റിങ്ങലില്‍ അഡ്വ. പി. സുധീര്‍, കാസര്‍ഗോഡ് എംഎല്‍ അശ്വിനി, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ എന്നിവരാണ് രണ്ടാം സ്ഥാനം പിടിച്ചവര്‍. ഇതില്‍ 2026ല്‍ പുതുതായി ബിജെപി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വന്നത് ആറ്റിങ്ങലും തിരുവല്ലയുമാണ്. മഞ്ചേശ്വരത്തും കാസര്‍കോഡും മലമ്പുഴയിലും പാലക്കാടും 2021ലും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. പാലക്കാട് 2024ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.
ഹരിപ്പാട് സന്ദീപ് വാചസ്പതിയും തിരുവല്ലയില്‍ അനൂപ് ആന്‍റണിയും വോട്ട് ഏകദേശം ഇരട്ടിയോളമാക്കി ഉയര്‍ത്തി. 2021ല്‍ തിരുവല്ലയില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനട പിടിച്ചത് 22,674 വോട്ടുകളായിരുന്നെങ്കില്‍ 2026ല്‍ അനൂപ് ആന്‍റണി പിടിച്ചത് 43,078 വോട്ടുകളാണ്. അതുപോലെ ഹരിപ്പാടില്‍ 2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 17890 വോട്ടായിരുന്നു. എന്നാല്‍ സന്ദീപ് വാചസ്പതി ഇത് 31022 വോട്ടായി ഉയര്‍ത്തി.
ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളും ക്രിസ്ത്യന്‍ സമുദായവും ഒറ്റക്കെട്ടായി യുഡിഎഫിലേക്ക് ഒഴുകിയപ്പോള്‍, ബിജെപിയിലേക്ക് കൂടുതലായി ഒഴുകിയത് ഇടത്പക്ഷത്ത് നിന്നുള്ളവരുടെ വോട്ടുകളാണ്.