• Mon. Nov 17th, 2025

24×7 Live News

Apdin News

രാജ്ഭവനിൽ ആയുധ ശേഖരം ഉണ്ടെന്ന് ടിഎംസി എംപിയുടെ ആരോപണം; രാജ്ഭവൻ പൊതുജനങ്ങൾക്കായി തുറന്നിട്ട് ഗവർണർ ഡോ.സി.വി ആനന്ദബോസ്

Byadmin

Nov 17, 2025



കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം. പി കല്യാൺ ബാനർജിയുടെ വിവാദ പ്രസ്താവനയിൽ ശക്തമായി തിരിച്ചടിച്ച് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ് കല്യാൺ ബാനർജിയുടേതെന്നും ആയുധങ്ങൾ സംഭരിച്ച് വച്ചിരിക്കുന്നു എന്ന ആരോപണം തെളിയിക്കുന്നതിനായി ഞാനിതാ രാജ് ഭവൻ പൊതുജനങ്ങൾക്കായും എം. പി കല്യാൺ ബാനർജിക്കു വേണ്ടിയിട്ടും മാധ്യമപ്രവർത്തകർക്കും വേണ്ടി തുറന്നിടുകയാണെന്നും രാജ് ഭവൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ഇവരിൽ ആർക്ക് വേണമെങ്കിലും രാജ്ഭവനിൽ കയറി പരിശോധിക്കാം. പരിശോധനയിൽ ഒരു ആയുധവും കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെങ്കിൽ ആരോപണം ഉന്നയിച്ച എം. പി പൊതുജനങ്ങളോട് മാപ്പ് പറയണം. കൂടാതെ അടിസ്ഥനരഹിതമായ ആരോപണം ഭരണഘടനാ സ്ഥാപനമായ രാജ് ഭവനെതിരെ ഉന്നയിച്ചതിനാൽ പ്രോസിക്യൂഷൻ നടപടികൾ നേരിടുകയും വേണം.

കൊൽക്കത്ത പോലീസാണ് രാജ്ഭവന് കാവൽ നിൽക്കുന്നത്. രാജ്ഭവന്റെ എല്ലാ സുരക്ഷയുടെയും ഉത്തരവാദിത്ത്വം സംസ്ഥാന പോലീസിനാണ്. ഇങ്ങനെ ഇവർ കാവൽ നിൽക്കുമ്പോൾ രാജ്ഭവന് ഉള്ളിലേക്ക് ആയുധങ്ങൾ കടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്. എങ്ങനെയാണ് ഇസഡ് പ്ലസ് കാറ്റഗറിയുള്ള രാജ് ഭവനിലേക്ക് ഇത്തരത്തിൽ ആയുധങ്ങൾ കടന്നുവന്നുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് പോലീസാണ്. കൂടാതെ ഇതിന് കൃത്യമായ അന്വേഷണവും വേണമെന്നും രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ബിജെപി പ്രവർത്തകർ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുന്നുവെന്നും ബിജെപി ക്രിമിനലുകൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നത് ബംഗാൾ രാജ് ഭവനൈൽ നിന്നാണെന്നും അവിടെ ഇതിനായി ആയുധങ്ങൾ ശേഖരിച്ച് വച്ചിരിക്കുന്നുവെന്നുമാണ് കല്യാൺ ബാനർജിയുടെ ആരോപണം. ഗുരുതരമായ ആരോപണം ഉന്നയിച്ച എം. പിക്കെതിരെ ലോക് സഭാ സ്പീക്കർക്കും ഗവർണർ പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ലോക് സഭാ സ്പീക്കറുടെ അന്വേഷണം കൂടി ഉണ്ടാകണമെന്ന് രാജ് ഭവൻ ആവശ്യപ്പെട്ടു.

 

 

By admin