• Wed. May 7th, 2025

24×7 Live News

Apdin News

‘രാജ്യം മുഴുവന്‍ നീതിക്കായി കാത്തിരിക്കുന്നു’; എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

Byadmin

May 6, 2025


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലെ എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം രാജ്യം നീതിക്കായി കാത്തിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ ബി കെ ഹരിപ്രസാദ്, ഉദയ് ബന്‍, ദീപേന്ദര്‍ സിങ് ഹൂഡ, ദിവ്യാന്‍ശു ബുദ്ധിരാജ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഒന്നര മണിക്കൂറോളം രാഹുല്‍ ഗാന്ധി കുടുംബത്തോടൊപ്പം ചിലവഴിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ച ലഫ്റ്റ്‌നറ്റ് വിനയ് നര്‍വാളിന്റെ കുടുംബത്തെ താന്‍ സന്ദര്‍ശിച്ചുവെന്നും അനുശോചനമറിയിച്ചുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അഗാധമായ ദുഃഖത്തിനിടയിലും വിനയ് നര്‍വാളിന്റെ കുടുംബത്തിന്റെ ധീരതയും ധൈര്യവും രാജ്യത്തിനുള്ള സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചോദിച്ചു. ജമ്മുകശ്മീര്‍ പൊലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടെന്നും ഖര്‍ഗെ ചോദിച്ചു.സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ സമ്മതിച്ചതാണ്. ഏപ്രില്‍ 19-ലെ ജമ്മുകശ്മീര്‍ യാത്ര പ്രധാനമന്ത്രി റദ്ദാക്കി. ആക്രമണത്തിന് മൂന്ന് ദിവസം മുന്‍പേ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

By admin