ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ കാരണം രാജ്യത്ത് ചിലരുടെ കൈവശം മാത്രം സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുമ്പോൾ, വെറും 1,687 വ്യക്തികളുടെ കൈകളിലാണ് രാജ്യത്തിന്റെ സമ്പത്തിന്റെ പകുതിയും ഉള്ളതെന്ന് ജയ്റാം രമേശ് ആരോപിച്ചു. ശതകോടീശ്വരന്മാരുടെ പുതിയ കൂടാരമായി ഇന്ത്യ മാറുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് കമ്യൂണിക്കേഷന്‍സിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.
‘ഒന്നിനുപുറകെ ഒന്നായി റിപ്പോര്‍ട്ടുകള്‍, ഇന്ത്യയില്‍ സമ്പത്ത് വ്യാപകമായി കേന്ദ്രീകരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുമ്പോള്‍, വെറും 1,687 ആളുകളുടെ കൈവശമാണ് രാജ്യത്തിന്റെ പകുതി സമ്പത്ത്. മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ കാരണം ഇത്തരത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന സ്വത്ത്, രാജ്യത്ത് വലിയ സമ്പത്തിക അമസമത്വം സൃഷ്ടിക്കുകയാണ്. ഈ അസമത്വം വ്യാപകമായി സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും അതൃപ്തിക്കും വഴിതെളിക്കുകയാണ്, ജയ്‌റാം രമേശ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
സാധാരണക്കാര്‍ക്ക് വരുമാനം കണ്ടെത്താനുള്ള സാധ്യതകള്‍ കുറയുകയാണ്. പണപ്പെരുപ്പം ഉയര്‍ന്നതിനാല്‍, ജോലി ചെയ്യുന്നവര്‍ പോലും സമ്പാദ്യത്തിനു പകരം കടബാധ്യതയില്‍ അകപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അമിതമായ സമ്പത്ത് കേന്ദ്രീകരണം ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ലെന്നും ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും രമേശ് മുന്നറിയിപ്പ് നൽകി.