ന്യൂഡൽഹി
രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളർച്ചാ സൂചിക പത്തുമാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഊർജം, ഉരുക്ക്, എണ്ണ–- പ്രകൃതിവാതകം, കൽക്കരി തുടങ്ങി എട്ട് പ്രധാന വ്യവസായങ്ങളുടെ സൂചിക സെപ്‌തംബർ മാസത്തിൽ 154.8 എന്ന നിരക്കിലേക്കാണ് താഴ്‌ന്നത്. ആഗസ്‌തിലെ വളർച്ചാ നിരക്കിൽ നിന്നും 0.83 ശതമാനം ഇടിവുണ്ടായി. രാജ്യത്തെ ആകെ വ്യാവസായിക ഉൽപ്പാദനത്തിന്റെ 40 ശതമാനവും ഉരുക്ക് അടക്കമുള്ള എട്ട് പ്രധാന മേഖലകളിൽ നിന്നാണ്.
നിർമാണ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന വ്യവസായങ്ങളായ ഉരുക്ക് മേഖലയിൽ ഇടിവ് സംഭവിച്ചപ്പോൾ സിമന്റ് വ്യവസായം വളർച്ച രേഖപ്പെടുത്തി. ഉരുക്ക് ഉൽപ്പാദനത്തിൽ 1.5 ശതമാനത്തിന്റെ ഇടിവ് സെപ്‌തംബറിലുണ്ടായി. കഴിഞ്ഞ 33 മാസത്തെ ഏറ്റവും താഴ്‌ന്ന നിലയിലാണ് ഉരുക്ക് ഉൽപ്പാദനം. അതേ സമയം സിമന്റ് ഉൽപ്പാദനത്തിൽ ഏഴര ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്.
വൈദ്യുതി ഉൽപ്പാദനം തുടർച്ചയായ രണ്ടാം മാസവും ഇടിഞ്ഞു. ആഗസ്‌തിലെ ഉൽപ്പാദനത്തേക്കാൾ സെപ്‌തംബറിൽ മൂന്നര ശതമാനം ഇടിവ് സംഭവിച്ചു. ക്രൂഡോയിൽ ഉൽപ്പാദനം തുടർച്ചയായ അഞ്ചാം മാസവും ഇടിഞ്ഞു. ആഗസ്‌തിനെ അപേക്ഷിച്ച് ക്രൂഡോയിൽ ഉൽപ്പാദനം 3.9 ശതമാനമാണ് ഇടിഞ്ഞത്. പ്രകൃതിവാതക ഉൽപ്പാദനത്തിൽ 1.3 ശതമാവും വളം ഉൽപ്പാദനത്തിൽ 1.9 ശതമാനവും ഇടിവുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ