• Mon. Feb 24th, 2025

24×7 Live News

Apdin News

രാജ്യത്ത് ഗോവധം പൂർണമായി നിരോധിക്കുക, പശുവിനെ ദേശീയ പൈതൃക പദവിയിലേക്ക് ഉയർത്തുക : മഹാ കുംഭമേളയിൽ വിഎച്ച്പി

Byadmin

Feb 21, 2025


ലഖ്നൗ : രാജ്യത്ത് ഗോവധം തടയാൻ കേന്ദ്ര തലത്തിൽ കർശന നിയമങ്ങൾ കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. യുപിയിലെ മഹാകുംഭമേളയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോസംരക്ഷണ സമ്മേളനത്തിലാണ്ഈ ആവശ്യം ഉയർന്ന് വന്നത്.

പ്രധാനമായും പശുക്കളെ സംരക്ഷിക്കുന്നതിനും പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കുന്നതിനും സമ്മേളനത്തിൽ പ്രതിജ്ഞയെടുത്തു. വിഎച്ച്പിയുടെ ഗോ രക്ഷാ സമ്മേളനത്തിൽ പശുവിനെ ദേശീയ സാംസ്കാരിക പൈതൃകമായി പ്രഖ്യാപിക്കുന്നതിനൊപ്പം ഗോപാഷ്ടമിയെ ദേശീയ ഉത്സവമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യൻ ഇനം പശുക്കളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു പശു വികസന മന്ത്രാലയം സ്ഥാപിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇതിനുപുറമെ മേച്ചിൽപ്പുറങ്ങൾ കൈയേറ്റത്തിൽ നിന്ന് മോചിപ്പിക്കുക, മേച്ചിൽ അതോറിറ്റി രൂപീകരിക്കുക, കശാപ്പുശാലകൾക്ക് പകരം പശു സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, മാംസ കയറ്റുമതി പൂർണ്ണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നുവന്നു. അതുപോലെ ജയിലുകളിൽ ഗോശാലകൾ തുറക്കണമെന്നും സ്കൂളുകളുടെയും കോളേജുകളുടെയും പാഠ്യപദ്ധതിയിൽ ഗോ സംരക്ഷണവും പ്രോത്സാഹനവും ഉൾപ്പെടുത്തണമെന്നും വിഎച്ച്പി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

ഗോ സംരക്ഷണ വകുപ്പിന്റെ അഖിലേന്ത്യാ നിയമ മേധാവി ശശാങ്ക് ശേഖർ ഗോ സംരക്ഷണം നിർദ്ദേശിച്ചു. നന്ദിനി ഭോജ്‌രാജും ലാൽ ബഹാദൂർ സിങ്ങും നിർദ്ദേശം അംഗീകരിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ഗോസംരക്ഷണ വകുപ്പ് പാസാക്കിയ പ്രമേയത്തിൽ ഇന്ത്യ ഒരു കാർഷിക രാജ്യമാണെന്നും കന്നുകാലികൾ അതിന്റെ ആത്മാവാണെന്നും പറഞ്ഞിട്ടുണ്ട്. പശു സംരക്ഷണവും പ്രോത്സാഹനവും മതപരമായ വിശ്വാസത്തിന്റെ മാത്രം കാര്യമല്ല മറിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യം, ജൈവകൃഷി, സാംസ്കാരിക പൈതൃകം എന്നിവയ്‌ക്കും അത് വളരെ പ്രധാനമാണെന്നും സമ്മേളനത്തിൽ പറഞ്ഞു.

കൂടാതെ കുംഭമേള വെറുമൊരു ഉത്സവമല്ല മറിച്ച് ഇന്ത്യയുടെ ശാശ്വത സംസ്കാരത്തിന്റെയും ആത്മീയ പാരമ്പര്യത്തിന്റെയും ദേശീയ മതത്തിന്റെയും ഏറ്റവും വലിയ സംഗമമാണ്. ഇന്ത്യ അമൃതകാലത്തിലേക്ക് പ്രവേശിച്ച ഈ മഹാ കുംഭമേളയുടെ ശുഭമുഹൂർത്തം നമ്മുടെ സാംസ്കാരിക അവബോധത്തെ ഉണർത്തുന്നതിനും രാജ്യത്തിന്റെ മഹത്തായ പൈതൃകം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒരു പുണ്യ നിമിഷമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

സമ്മേളനത്തിൽ വിഎച്ച്പി രക്ഷാധികാരി ദിനേശ്ചന്ദ്ര, ഗോ സംരക്ഷണ വകുപ്പ് രക്ഷാധികാരി ഹുകുംചന്ദ് സാവ്‌ല, താക്കൂർ ഗുരു പ്രസാദ്, ഡോ. മാധവി ഗോസ്വാമി, നരേഷ് കുമാർ സിംഗ്, ഭഗത് സിംഗ്, പുരൺ സിംഗ് എന്നിവർ സന്നിഹിതരായിരുന്നു.



By admin