മസ്ക്കറ്റ് : രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. ഒക്ടോബർ 19-നാണ് റോയൽ ഒമാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് അധികൃതർ അറിയിച്ചു. നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് താമസസൗകര്യം ഒരുക്കുക, ഇത്തരക്കാരെ ജോലിക്ക് നിയമിക്കുക തുടങ്ങിയ പ്രവർത്തികൾ വലിയ സുരക്ഷാ വീഴ്ചയാണെന്നും, സാമൂഹിക അപകടമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
ഔദ്യോഗിക പ്രവേശന മാനദണ്ഡങ്ങൾ മറികടന്ന് കൊണ്ട് ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവർ, സുരക്ഷാ പരിശോധനകൾ, ബയോമെട്രിക് പരിശോധനകൾ തുടങ്ങിയവ മറികടക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ മൂലമുണ്ടാകുന്ന സുരക്ഷാ അപകരങ്ങളെക്കുറിച്ച് ROP അറിയിപ്പ് നൽകിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകളോ, വിരലടയാളം പോലുള്ള ബയോമെട്രിക് രേഖകളോ ഇല്ലാതെ ഒമാനിൽ ചുറ്റിത്തിരിയുന്ന ഇത്തരക്കാർ രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ROP കൂട്ടിച്ചേർത്തു.
ഇത്തരക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുക, യാത്രാ സഹായങ്ങൾ നൽകുക, താമസസൗകര്യങ്ങൾ ഒരുക്കുക, മറ്റു സേവനങ്ങൾ നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഒമാനിലെ ഇമിഗ്രേഷൻ, തൊഴിൽ നിയമങ്ങൾ പ്രകാരമുള്ള ലംഘനങ്ങൾ നടത്തിയ വ്യക്തികളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.