കൊച്ചി : എല്ലാ സുഖസൗകര്യങ്ങളിലും വളർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്ക് എങ്ങനെ ഇന്ത്യയെ മനസിലാക്കാൻ കഴിയുമെന്ന് തൃക്കാക്കര മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി അഖിൽ മാരാർ . സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ ഒരു രാഷ്‌ട്രീയ പാർട്ടികളുടെയും അടിമയാകാത്തവർക്ക് മാത്രമേ ചിന്തിച്ച് വോട്ട് ചെയ്യാനാകൂ. ഞാൻ നേരത്തെ ബിജെപിയെ വിമർശിച്ചിട്ടുണ്ട് . ഒരു സ്വതന്ത്രപൗരനെന്ന നിലയിലാണ് ഞാൻ ബിജെപിയെ വിമർശിച്ചത് . പിണറായിയെ വിമർശിച്ചത് കമ്യൂണിസ്റ്റ് വിരുദ്ധനായതിനാലും സ്വതന്ത്രപൗരനായതിനാലുമാണ്. പിന്നെ കോൺഗ്രസിനെ ഞാൻ എന്തിനാണ് വിമർശിക്കുന്നത് .
രാജ്യത്തോ സംസ്ഥാനത്തോ ഭരണത്തിലില്ലാത്ത ഒരു പാർട്ടി . അടി കൊണ്ട് തളർന്ന് കിടക്കുന്നവനെ വീണ്ടും അടിക്കുന്നത് എന്തിനാണ്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയതാണ് .ഞാൻ ഒരു തരത്തിലും ഒരു കാലത്തും രാഹുലിനെ സപ്പോർട്ട് ചെയ്തിട്ടില്ല. പിന്തുണച്ച് ഒരിയ്‌ക്കലും സംസാരിച്ചിട്ടില്ല .
കുട്ടിക്കാലത്ത് ആഹാരം കഴിക്കാനില്ലാതെ ചോറും മുളകും, ഉപ്പും കഴിച്ച ആളാണ് ഞാൻ . അങ്ങനെ വയറും, കുടലും നശിച്ചവന്റെ വേദന രാഹുലിന് അറിയാൻ കഴിയില്ല.അവിടെയാണ് രാഹുലും പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസം. അദ്ദേഹം ജനത്തെ അറിഞ്ഞു, ജനങ്ങളെ ഉൾക്കൊണ്ടു.
പലരും എന്നെ സംഘിയെന്ന് വിളിക്കാറുണ്ട്. പക്ഷെ നിങ്ങളൊക്കെ വിളിക്കുന്ന രീതിയിൽ ഞാൻ വർഗീയവാദിയായ ഒരു സംഘിയല്ല . പക്ഷെ മറ്റൊരർത്ഥത്തിൽ ഞാൻ സംഘിയാണ് . കാരണം ഞാൻ രാജ്യസ്നേഹിയാണ്, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാണ്. തെറ്റ് കണ്ടാൽ എതിർക്കുന്നയാളാണ്. ആത്മീയപരമായും, സാംസ്കാരികപരമായുമുള്ള സ്വത്വത്തിൽ ചേർന്ന് നിന്ന് സംസാരിക്കുന്നയാളാണ്. ജനങ്ങളെ ഒന്നായി കണ്ട് പ്രവർത്തിക്കാനാണ് ഞാൻ രാഷ്‌ട്രീയത്തിലിറങ്ങിയത്. ഇന്നലെകളിൽ എന്റെ ഒപ്പം ഉണ്ടായിരുന്ന മുസ്ലിം സുഹൃത്തുക്കൾ ഞാൻ എൻഡിഎയുടെ ഭാഗമായതോടെ എന്നെ തെറിവിളിക്കാൻ തുടങ്ങി. പലസ്തീൻ ജനതയ്‌ക്ക് വേണ്ടി സംസാരിക്കുന്നവർ എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് വേണ്ടി സംസാരിക്കാത്തത് . അത്ര ഭീകരമാണ് ഇവിടുത്തെ അവസ്ഥ,അതിന് കാരണം കോൺഗ്രസാണ്. ബിജെപിയെ എതിർക്കാൻ ന്യൂനപക്ഷഭീകരതയെ വളർത്തുകയാണവർ ‘ എന്നും അഖിൽ മാരാർ പറഞ്ഞു