
തിരുവനന്തപുരം: കേരളത്തിന്റെ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. ഉദ്ഘാടനം വൈകിട്ട് 6 മണിക്ക് നിശാഗന്ധിയില്‍ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ടോക്കിയോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36 ആണ് ഉദ്ഘാടന ചിത്രം. 1936ലെ പലസ്തീന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയതാണ് ഈ ചരിത്ര സിനിമ.
ഇത്തവണത്തെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കന്‍ സിനിമയുടെ വക്താവും മൗറിത്താനിയന്‍ സംവിധായകനുമായ അബ്ദുറഹ്മാന്‍ സിസാക്കോയ്‌ക്ക് നല്‍കി ആദരിക്കും. ആഗോളവല്‍ക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ‘ടിംബുക്തു’, ‘ബ്ലാക്ക് ടീ’ തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങള്‍ ‘ദ ഗ്ലോബല്‍ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേര്‍ണി’ എന്ന പ്രത്യേക പാക്കേജില്‍ പ്രദര്‍ശിപ്പിക്കും. ഈജിപ്ഷ്യന്‍ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ കെയ്‌റോ സ്‌റ്റേഷന്‍, അലക്‌സാണ്ട്രിയ എഗെയ്ന്‍ ആന്‍ഡ് ഫോറെവര്‍, ദി അദര്‍ എന്നിവ ഉള്‍പ്പെടുത്തി റിട്രോസ്‌പെക്ടീവ് വിഭാഗം ഒരുക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ട്.
ഇന്തോനേഷ്യന്‍ സിനിമയുടെ മുഖമായ ഗാരിന്‍ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങള്‍ കണ്ടംപററി ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിര്‍സയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകര്‍ഷണമാണ്. ചലച്ചിത്രമേളയുടെ ആദ്യ ഡെലിഗേറ്റ് കിറ്റ് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരില്‍ നിന്ന് ചലച്ചിത്രതാരം ലിജോമോള്‍ ജോസ് ഏറ്റുവാങ്ങി. രാജ്യാന്തര ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, ജോ. സെക്രട്ടറി സി. അജോയി, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സുധീര്‍ കരമന, മധുപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളില്‍ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ലോകമെമ്പാടുമുള്ള 57 സിനിമകള്‍ ഉള്‍പ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകര്‍ക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ചവിരുന്ന്. മേള 19ന് സമാപിക്കും.