നോയിഡ: ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമായ നോയിഡ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 30-ന് ഉദ്ഘാടനം ചെയ്യും. 45 ദിവസത്തിനുള്ളില്‍ വിമാന സര്‍വീസുകളും ആരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.
ഡല്‍ഹിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധനഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്താണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉയരുന്നത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ശേഷം തലസ്ഥാനത്തിനടുത്തുള്ള രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും ഇത്.
വിമാനക്കമ്പനികള്‍ക്ക് ഇതിനോടകം തന്നെ വലിയ താല്‍പ്പര്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കുറഞ്ഞത് 10 നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് സാധ്യത. യാത്രാ വിമാനങ്ങള്‍ക്കൊപ്പം ചരക്ക് ഗതാഗതത്തിന് മുന്‍ഗണന നല്‍കുന്ന തന്ത്രപ്രധാന കേന്ദ്രമായും വിമാനത്താവളം വികസിപ്പിക്കാനാണ് പദ്ധതി.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്.