ന്യൂദൽഹി: ദൽഹി-ഹരിയാന ഉൾപ്പെടെയുള്ള എൻസിആറിലെ മുഴുവൻ ഗുണ്ടാസംഘങ്ങൾക്കെതിരെയും പോലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ദൽഹി, ഹരിയാന എന്നിവയുൾപ്പെടെ എൻസിആറിലെ 25 ഗുണ്ടാസംഘങ്ങളുടെ ഒളിത്താവളങ്ങളിൽ റെയ്ഡുകൾ നടത്തി. ഇന്ന് രാവിലെ മുതൽ ഈ റെയ്ഡുകൾ തുടരുകയാണ്.
25 പോലീസ് ടീമുകൾ ഒന്നിച്ചാണ് ഗുണ്ടാസംഘങ്ങളുടെയും അവരുടെ കൂട്ടാളികളുടെയും ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യുന്നത്. ആകെ 380 പോലീസുകാർ ഈ ഓപ്പറേഷനിൽ ഉൾപ്പെടുന്നുണ്ട്. റെയ്ഡിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, മെഴ്‌സിഡസ്, ഓഡി തുടങ്ങിയ നിരവധി ആഡംബര കാറുകൾ കൂടാതെ വൻതോതിൽ പണവും കണ്ടെടുത്തു.
ഇതിനു പുറമെ വിലകൂടിയ ചില ആഡംബര വാച്ചുകളും 40 ലക്ഷത്തിലധികം പണവും ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിൽ ദൽഹി പോലീസ് ചില ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനിടെ, 8 പിസ്റ്റളുകൾ, 29 വെടിയുണ്ടകൾ, 3 മാഗസിനുകൾ എന്നിവ പോലീസ് കണ്ടെടുത്തു. 14 ഹൈ-എൻഡ് വാച്ചുകൾ, ലാപ്‌ടോപ്പുകൾ, ഐപാഡുകൾ, പണം എണ്ണുന്ന മെഷീനുകൾ, വാക്കി-ടോക്കി സെറ്റുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
റെയ്ഡിനിടെ പോലീസ് ആകെ 26 പേരെ കസ്റ്റഡിയിലെടുത്തു. അതിൽ 6 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും കുപ്രസിദ്ധ കപിൽ സാങ്‌വാൻ, നന്ദു ഗാംഗ്, വിക്കി തക്കർ ഗാംഗ് എന്നിവയുമായി ബന്ധപ്പെട്ടവരാണ്. ഈ ആറ് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.