
ന്യൂദല്‍ഹി: വാല്‍മീകി രാമായണത്തിന്റെ 233 വര്‍ഷം പഴക്കമുള്ള കൈയെഴുത്ത് പ്രതി അയോദ്ധ്യയിലെ രാമകഥാ മ്യൂസിയത്തിന് സമ്മാനിച്ചു. കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ് വരഖേദി കണ്ടെടുത്ത സംസ്‌കൃതത്തിലുള്ള അപൂര്‍വ കൈയെഴുത്തു പ്രതി തീന്‍ മൂര്‍ത്തിയിലെ പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനായ നൃപേന്ദ്ര മിശ്രയ്‌ക്ക് കൈമാറി.

മഹേശ്വര തീര്‍ത്ഥയുടെ ശാസ്ത്രീയ വ്യാഖ്യാനത്തോടെ, ദേവനാഗരി ലിപിയില്‍ എഴുതിയതാണ് പുസ്തകം. 1792 ല്‍ രചിക്കപ്പെട്ടതാണിതെന്നാണ് കരുതുന്നത്. രാമായണത്തിന്റെ പുരാതനമായ പാരായണ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണ് പുസ്തകമെന്ന് ശ്രീനിവാസ് വരഖേദി ചൂണ്ടിക്കാട്ടുന്നു.
വാല്‍മീകി രാമായണത്തിന്റെ ഈ അപൂര്‍വ കൈയെഴുത്തുപ്രതി രാമഭക്തര്‍ക്കും അയോദ്ധ്യയിലെ ക്ഷേത്ര സമുച്ചയത്തിനും ഒരു നാഴികക്കല്ലാണെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു.