• Sat. Apr 19th, 2025

24×7 Live News

Apdin News

രാഷ്‌ട്രപതിയുടെ അധികാരത്തിന്മേലും സുപ്രീംകോടതിയുടെ കടന്നുകയറ്റം; ബില്ലുകളില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവ് വിവാദമാകുന്നു

Byadmin

Apr 12, 2025



ന്യൂദല്‍ഹി: ബില്ലുകളിന്മേല്‍ മൂന്നു മാസത്തിനകം രാഷ്‌ട്രപതി തീരുമാനം എടുക്കണമെന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധിക്കെതിരെ വ്യാപക വിമര്‍ശനം. രാഷ്‌ട്രപതിയുടേയും ഗവര്‍ണ്ണര്‍മാരുടേയും ഭരണഘടനാ അധികാരത്തിന്മേല്‍ കടന്നുകയറാന്‍ സുപ്രീംകോടതി ബെഞ്ചിന് അധികാരമില്ലെന്നും ഭരണഘടനാ ബെഞ്ചും പാര്‍ലമെന്റും തീരുമാനിക്കേണ്ട വിഷയങ്ങളില്‍ സാധാരണ ബെഞ്ച് വിധി പറയുന്നത് അനുയോജ്യമല്ലെന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
രാഷ്‌ട്രപതി മൂന്നുമാസത്തിനകം ബില്ലിന്മേല്‍ തീരുമാനം സ്വീകരിക്കണം. ഇല്ലെങ്കില്‍ എന്താണ് കാരണമെന്ന് അതാതു സംസ്ഥാനങ്ങളെ അറിയിക്കണം. രാഷ്‌ട്രപതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വേഗത്തില്‍ പരിഗണിച്ചും സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. ഇത്തരത്തില്‍ സമയപരിധി നിര്‍ദ്ദേശിക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്നാണ് ഗവര്‍ണ്ണര്‍മാരുടെ നിലപാട്. കേന്ദ്രസര്‍ക്കാരും രാഷ്‌ട്രപതി ഭവനും ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണ്ണറുടെയും പാര്‍ലമെന്റ് പാസാക്കുന്ന ബില്ലുകള്‍ രാഷ്‌ട്രപതിയുടേയും ഒപ്പോടു കൂടി നിയമം ആകുന്നതാണ് ഭരണഘടനാ സംവിധാനം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിക്ക് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ പത്തു ബില്ലുകള്‍ നിയമമാക്കി വിജ്ഞാപനം പുറത്തിറക്കി. ഭരണഘടനയിലെ വ്യവസ്ഥകള്‍ക്ക് എതിരാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ബെഞ്ചിനെ സമീപിക്കാന്‍ സാധ്യത ശക്തമായിട്ടുണ്ട്. കോടതി വിധിക്കെതിരെ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണത്തിനും ആലോചനകളുണ്ട്.

By admin