അമ്പലപ്പുഴ: രാഷ്‌ട്രപതിയുടെ വായുസേന മെഡലിന് അര്‍ഹനായ സൈനികന്‍ വരുണ്‍കുമാര്‍ നാടിന് അഭിമാനമായി. പുന്നപ്ര വടക്ക് പഞ്ചായത്ത് തെക്കേപുരയ്‌ക്കല്‍ ശശിധരന്‍ – പരേതയായ രത്നകുമാരി ദമ്പതികളുടെ രണ്ടു മക്കളില്‍ മുത്തയാളാണ് എസ്. വരുണ്‍ കുമാര്‍. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ ആക്രമണത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ വരുണ്‍ കുമാറിന്റെ വലതു കൈ നഷ്ടപ്പെട്ടു.
രണ്ടര വര്‍ഷമായി ഉധംപൂര്‍ എയര്‍ ബേസിലെ സ്റ്റേഷന്‍ മെഡികെയര്‍ സെന്ററിലെ മെഡിക്കല്‍ അസിസ്റ്റന്റാണ് എസ്. വരുണ്‍കുമാര്‍. ഭാര്യ അഞ്ജുവും മകന്‍ വിഹാനും വരുണിനൊപ്പം താമസിച്ചു വരികയായിരുന്നു.
പഹല്‍ഗാം ആക്രമണത്തെ തുര്‍ന്ന് ഭാര്യയെയും മകനേയും മേലധികൃതരുടെ നിര്‍ദേശപ്രകാരം നാട്ടിലേക്കയച്ചു. മെയ് 10ന് പുലര്‍ച്ചെ ജമ്മു കശ്മീരിലെ ഉധംപൂരിലെ ബേസ് ക്യാമ്പിലേക്ക് പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വരുണ്‍കുമാറിന്റെ വലതുകൈ നഷ്ടമാകുകയും ദേഹമാസകലം മുറിവുകളും ഉണ്ടായി. ഉധംപൂരിലെ കമാന്‍ഡോ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ച വരുണ്‍ ദിവസങ്ങളോളം മരണത്തോട് മല്ലിട്ടു. വലതു കൈപൂര്‍ണമായും തകര്‍ന്നിരുന്നതിനാല്‍ നീക്കം ചെയ്തു. ഈ സമയങ്ങളിലെല്ലാം അധികൃതര്‍ വരുണിന്റെ പിതാവ് ശശിധരന്‍ പിള്ളയെ വിളിച്ച് കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. വരുണിന്റെ സഹോദരന്‍ വിവേക് കുമാറും, വരുണിന്റെ ഭാര്യ അഞ്ചുവുമൊത്ത് രണ്ടര മാസത്തിന് ശേഷമാണ് ആശുപത്രിയിലെത്തി കണ്ടത്.
പിന്നീട് പൂനയിലെ ആര്‍ട്ടിഫിഷ്യല്‍ ലിംഫ് സെന്ററിലേക്ക് കൃത്രിമ കൈവയ്‌ക്കാനായി പോയി. കഴിഞ്ഞയാഴ്ചയാണ് കൃത്രിമ കൈവച്ചു പിടിപ്പിച്ചത്. വരുണിനെ കാണാന്‍ കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് ആര്‍ട്ടിഫിഷ്യല്‍ ലിംഫ് സെന്ററില്‍ എത്തിയുരുന്നു. സുരക്ഷാകാരണങ്ങളാലാണ് വരുണിന്റെ പരിക്കിന്റെ വിവരം പുറം ലോകത്തെ അറിയിക്കാതിരുന്നത്.
2013ലാണ് വരുണ്‍ എയര്‍മാനായി എയര്‍ ഫോഴ്സിന്റെ ഭാഗമാകുന്നത്. ധീരതയ്‌ക്കുള്ള അംഗീകാരമായി രാഷ്‌ട്രപതിയുടെ വായുസേനാ മെഡലിനു മകന്‍ അര്‍ഹനായതില്‍ കുടുംബത്തിന് വലിയ അഭിമാനമാണ്. നാടാകെ രാജ്യത്തിന് വേണ്ടി പോരാടിയ ധീരസൈനികനില്‍ അഭിമാനം കൊള്ളുകയാണ്.