ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം സുരക്ഷാവീഴ്ചയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. സംസ്ഥാനം ആവശ്യമായ ജാഗ്രത കാണിച്ചില്ലെന്നും ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് വിശദീകരണം തേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ല എന്നതാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്. ക്രമീകരണങ്ങളില്‍ വന്ന മാറ്റവും കാലാവസ്ഥാ വ്യതിയാനവും സംഭവത്തിന് കാരണമായതാണെന്നും ആര്‍ക്കും എതിരായി നടപടി ആവശ്യമില്ലെന്നുമാണ് വകുപ്പിന്റെ വിലയിരുത്തല്‍. പ്രശ്‌നം ഉടന്‍ പരിഹരിച്ചതായും കേന്ദ്രം ആവശ്യപ്പെടുന്ന മുറയ്ക്ക് വിശദീകരണം നല്‍കുമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു.
പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. പോലീസും ഫയര്‍ഫോഴ്‌സും എത്തി ഹെലികോപ്റ്റര്‍ തള്ളി നീക്കുകയായിരുന്നു. നിലയ്ക്കലിലെ ലാന്‍ഡിംഗ് മാറ്റിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ഹെലിപാഡില്‍ കോണ്‍ക്രീറ്റ് ഇട്ടത്. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ തന്നെ ഹെലികോപ്റ്റര്‍ ഇറങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്.