പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ രാവിലെ 11.45ന് രാഷ്ട്രപതി ശബരിമലയില്‍ എത്തുകയായിരുന്നു. ഇരുമുടിക്കെട്ട് ധരിച്ച് പതിനെട്ടാം പടി കയറിയ രാഷ്ട്രപതിയെ തന്ത്രി കണ്ഠര്‍ മഹേഷ് മോഹനര്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
രാഷ്ട്രപതി അര്‍ച്ചനയും നെയ്യഭിഷേക വഴിപാടും നടത്തി, തുടര്‍ന്ന് ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനായി എത്തിയിരുന്നു. മൂന്നുവരെ അവിടെതന്നെ തുടരും. മലകയറുന്നതിന് മുന്‍പ് ത്രിവേണിയില്‍ പമ്പാസ്‌നാനം നടത്താന്‍ ജലസേചന വകുപ്പ് താല്‍ക്കാലിക സ്‌നാനഘട്ടം ഒരുക്കിയിരുന്നു.
ഇതിനിടെ, രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവവും നേരത്തെ പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ നീക്കിയതിനാല്‍ യാതൊരു അപകടവുമുണ്ടായില്ല.
രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിയ രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍, എം.പി ആന്റോ ആന്റണി, എം.എല്‍.എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, എസ്.പി ആര്‍. ആനന്ദ് എന്നിവരടങ്ങിയ സംഘം സ്വീകരിച്ചു.
ശബരിമല ദര്‍ശനം ഉള്‍പ്പെടെ നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സംസ്ഥാനത്ത് എത്തിയത്.