• Mon. Dec 8th, 2025

24×7 Live News

Apdin News

രാഹുലിന്റെ ഒളിച്ചുകളിയും സര്‍ക്കാരിന്റെ ഒത്തുകളിയും

Byadmin

Dec 8, 2025



ഴിമതിക്കേസുകളിലും തെരഞ്ഞെടുപ്പുകളിലും മാത്രമല്ല സ്ത്രീ പീഡന കേസുകളിലും സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുന്നത് പുതിയ കാര്യമല്ല. മുസ്ലിം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ സ്ത്രീപീഡനക്കേസ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ചില ഇടനിലക്കാരുടെ സഹായത്തോടെ അട്ടിമറിച്ചതും ഒത്തുതീര്‍പ്പാക്കിയതുമെന്നാണല്ലോ പൊതുവെ കരുതപ്പെടുന്നത്. ലൈംഗിക പീഡന- ബലാത്സംഗ കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാരും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തിപ്പെട്ടിരിക്കുകയാണ്. അറസ്റ്റും ജയില്‍വാസവും ഒഴിവാക്കാന്‍ രാഹുല്‍ ഒളിവില്‍ പോയതുമുതല്‍ ഈ പ്രതിയും പോലീസും പരസ്പര ധാരണയോടെ നീങ്ങുകയാണെന്ന് കരുതാന്‍ ഒരുപാട് കാരണങ്ങളുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വളരെ കഴിഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തത്. പരാതിയും വെളിപ്പെടുത്തലുകളും നേരത്തെ ഉണ്ടായിരുന്നിട്ടും യാതൊരു നടപടിയും പോലീസ് എടുത്തില്ല. തെരഞ്ഞെടുപ്പ് കാലത്ത് മറ്റു വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നുള്ള ആക്ഷേപം നിഷേധിക്കാനാവില്ല. വിവാദം സൃഷ്ടിക്കുക എന്നതിനപ്പുറം, ഹീനമായ നിരവധി ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപണങ്ങളും പരാതിയും വെളിപ്പെടുത്തലുകളും നേരിടേണ്ടി വന്നയാളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്നുവേണം മനസ്സിലാക്കാന്‍.

ഒളിവില്‍ പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ എവിടെയെന്ന് കൃത്യമായി കണ്ടെത്താനോ പോലീസിന് കഴിഞ്ഞില്ല. കര്‍ണാടകയിലാണ് പ്രതി ഒളിവില്‍ കഴിയുന്നതെന്നും, അതിന് അവിടത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പ്രതിയെ സഹായിച്ച ചിലരെ കണ്ടുപിടിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരില്‍നിന്ന് പ്രതിയിലേക്ക് എത്താന്‍ എളുപ്പമായിരുന്നു. പക്ഷേ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു. യഥാര്‍ത്ഥ പ്രതി അപ്പോഴും ഒളിവില്‍ കഴിഞ്ഞു. പോലീസിന്റെ ഗുരുതര വീഴ്ചയാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ല. രാഹുല്‍ മങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘത്തെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ സംഘത്തില്‍ നിന്ന് അന്വേഷണ വിവരങ്ങള്‍ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. ഒടുവില്‍ പ്രതിയെ കണ്ടെത്താനാവാതെ ഈ സംഘവും ബെംഗളൂരുവില്‍ നിന്ന് മടങ്ങി.

പ്രതിയെ ഒളിപ്പിച്ചവര്‍ സ്ഥലം പറഞ്ഞുതന്നാല്‍ അറസ്റ്റ് ചെയ്യാമെന്നാണ് ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന്‍ പ്രഖ്യാപിക്കുന്നത്. എവിടെയാണെന്ന് പറഞ്ഞുതന്നാല്‍ പിടിച്ചു കൊടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. പോലീസിനെ അവഹേളിക്കുകയും ജനങ്ങളെ കബളിപ്പിക്കുകയും ഇരകളെ അപമാനിക്കുകയും ചെയ്യുന്ന രീതിയാണിത്. അന്വേഷണ സംഘത്തില്‍ നിന്ന് അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിക്കുന്നതുകൊണ്ടാണ് പ്രതിക്ക് ഒളിവില്‍ താമസിക്കാന്‍ കഴിയുന്നതെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് മുഖ്യമന്ത്രിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പ്രതികരണങ്ങള്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും രഹസ്യ ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. പ്രതിയെ കണ്ടുപിടിക്കാതെയും അറസ്റ്റു ചെയ്യാതെയും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാനുള്ള അവസരമാണ് പോലീസ് ഒരുക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ അനുമതിയില്ലാതെ ഇതിന് കഴിയില്ല. ജില്ലാ കോടതി ആവശ്യം നിരാകരിച്ചതോടെ ഹൈക്കോടതിയില്‍ നിന്ന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പ്രതിക്ക് ലഭിച്ചത് സര്‍ക്കാരിന്റെ സഹായം കൊണ്ടാണ്. പുതിയ പരാതിയിലും ഇങ്ങനെയൊരു ആനുകൂല്യം പ്രതിക്ക് നേടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. അപ്പോഴേക്കും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും. അതോടെ വിവാദവും കെട്ടടങ്ങും എന്നാണ് സിപിഎമ്മും കോണ്‍ഗ്രസും കരുതുന്നത്.

രാഹുലിനെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി സിപിഎമ്മും കോണ്‍ഗ്രസ്സില്‍ നിന്ന് ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. രാഹുലിനെ പോലെ സ്ത്രീ പീഡനക്കേസുകളില്‍ ആരോപണ വിധേയരാവുകയും പ്രതികളാവുകയും ചെയ്ത നിരവധി സിപിഎം നേതാക്കളും ജനപ്രതിനിധികളുമുണ്ട്. അവരുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ സഹായം ലഭിക്കണമെന്നൊരു വ്യവസ്ഥ സിപിഎമ്മും സര്‍ക്കാരും മുന്നോട്ടുവെച്ചിട്ടുണ്ടാവാം. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഒത്തുകളിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ ഈ രാഷ്‌ട്രീയക്കളി ജനങ്ങള്‍ തിരിച്ചറിയണം. പൊതുജനമധ്യത്തില്‍ മാന്യന്മാരായി നടക്കുന്ന ഈ നേതാക്കളുടെ മുഖംമൂടി ജനങ്ങള്‍ തന്നെ വലിച്ചുകീറണം.

By admin