നെഹ്റു കുടുംബാംഗങ്ങളില്‍ ഓരോരുത്തരെയായി അര്‍ബന്‍ നക്സലുകള്‍ കാലാകാലം അവരുടെ സ്വാധീനത്തിലാക്കിയതാണ് സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രം. കഴിഞ്ഞ ഒരു ദശകത്തിലധികമായി അര്‍ബന്‍ നക്സലുകളുടെ ആശയങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം പ്രചരിപ്പിച്ചത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് എന്നതില്‍ സംശയമില്ല. ജനുവരി 15ന് ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനത്ത് രാഹുല്‍ നടത്തിയ പ്രസംഗം ഇക്കാര്യങ്ങള്‍ അടിവരയിടുന്നു. ‘ബിജെപിക്കും ആര്‍എസ്എസിനും എതിരെ മാത്രമല്ല ഇന്ത്യന്‍ സ്റ്റേറ്റിനും എതിരാണ് നമ്മുടെ പോരാട്ടം’ എന്ന വാചകമാണ് രാഹുല്‍ ഉപയോഗിച്ചത്. ഒരു കോണ്‍ഗ്രസ് നേതാവ് സ്വതന്ത്ര ഭാരതത്തില്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകള്‍ ലോക്‌സഭ പ്രതിപക്ഷ നേതാവില്‍ നിന്ന് വന്നത് യാദൃശ്ചികമല്ല. ഇന്ത്യന്‍ സ്റ്റേറ്റ് അഥവാ രാജ്യത്തെ ഭരണകൂടത്തെ ശത്രുവാക്കി പ്രഖ്യാപിക്കാന്‍ രാഹുലിന് സാധിക്കുന്നത് അദ്ദേഹത്തിന്റെ ആശയഗതികളിലെ നക്സലിസ്റ്റ് സ്വാധീനത്തിന്റെ തെളിവാണ്. കേന്ദ്രസര്‍ക്കാര്‍, മോദി സര്‍ക്കാര്‍, ബിജെപി സര്‍ക്കാര്‍ തുടങ്ങിയ വാക്കുകള്‍ക്ക് പകരം അര്‍ബന്‍ നക്സല്‍ ഡിഷ്ണറിയിലെ വാക്കുകള്‍ രാഹുല്‍ ഉപയോഗിച്ചു എന്നത് ഗൗരവത്തോടെ തന്നെ കാണണം. രാഹുല്‍ പോരാടണം എന്നാഹ്വാനം ചെയ്യുന്ന ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഭാഗം തന്നെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് എന്ന രാഹുലിന്റെ പദവിയും. ഈ കാര്യം ബോധമുള്ള കോണ്‍ഗ്രസ് നേതാക്കളാരെങ്കിലും രാഹുലിനെ അറിയിച്ചിരുന്നെങ്കില്‍ നന്നായേനെ.
കോണ്‍ഗ്രസിന്റെ അധ്യക്ഷനായപ്പോഴും പിന്നീടും ജെഎന്‍യുവിലെ ഇടതു തീവ്ര സംഘടനകളുടെ നേതാക്കളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയും സീതാറാം യെച്ചൂരി അടക്കമുള്ള ഇടതു നേതാക്കളെ ഉപദേശകന്മാരായി സ്വീകരിച്ചും രാഹുല്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ഭാരതത്തിന്റെ ഭരണകൂടത്തിനെതിരെ പോരാടണം എന്ന നക്സല്‍ഭാഷ. അര്‍ബന്‍ നക്സലുകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ പണയം വച്ച് രാഹുല്‍ നടത്തുന്ന ഓരോ രാജ്യവിരുദ്ധ നടപടികളും ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ ആണികളായി മാറിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ നിന്ന് രാഹുല്‍ മാറിപ്പോയിക്കൊണ്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും ഉണ്ടെന്ന് അവരുമായി നടത്തുന്ന സ്വകാര്യ സംഭാഷണങ്ങളില്‍ നിന്ന് മനസിലായിട്ടുണ്ട്.
മുതലാളിത്തത്തിന്റെയും മൂലധന ശക്തികളുടേയും പിടിയിലാണ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ എന്ന ആശയമാണ് മാവോയിസ്റ്റുകള്‍ മുന്നോട്ട് വെയ്‌ക്കുന്നത്. ഭാരതത്തിന്റെ ഭരണകൂടത്തെ പൂര്‍ണ്ണമായും മുസ്ലിം ഇതരരാണ് നിയന്ത്രിക്കുന്നതെന്നാരോപിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുന്ന ഭീകരസംഘടനകളും വ്യവസ്ഥിതിയെയാണ് ചോദ്യം ചെയ്യുന്നതായി നടിക്കുന്നത്. ഇതുതന്നെ രാഹുലും മറ്റൊരുതരത്തില്‍ പ്രചരിപ്പിക്കുന്നു.
ദല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ നിന്ന് ഐടിഒയിലേക്ക് നീളുന്ന പണ്ഡിറ്റ് ദീനദയാല്‍ മാര്‍ഗില്‍, ബിജെപി ദേശീയ ആസ്ഥാനത്തിന് എതിര്‍വശത്ത് ഒരു കിലോമീറ്ററോളം മാറി കോട്ല റോഡില്‍ 225 കോടി രൂപ ചിലവിട്ടാണ് ആറുനിലകളിലായി കോണ്‍ഗ്രസ് പുതിയ ദേശീയ ആസ്ഥാന മന്ദിരം നിര്‍മിച്ചത്. ഇന്ദിരാഭവന്‍ എന്നു പേരിട്ട ആസ്ഥാന മന്ദിരത്തില്‍ പഞ്ചനക്ഷത്ര സംവിധാനങ്ങളാണുള്ളത്. പുതിയ ഓഫീസ് ഉദ്ഘാടന വേളയിലെ രാഹുലിന്റെ പ്രസംഗമായിരുന്നു വിവാദങ്ങളുടെ അടിസ്ഥാനം. ഓഫീസ് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങളായിട്ടും രാജ്യത്തെ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചതും പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നു ദിവസത്തോളം ദേശീയ മാധ്യമങ്ങള്‍ കോണ്‍ഗ്രസിന്റെ പത്രസമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു. ഒടുവില്‍ കോണ്‍ഗ്രസ് ബീറ്റ് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക സല്‍ക്കാരമൊരുക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രശ്നം തത്കാലത്തേക്ക് പരിഹരിച്ചത്. ദല്‍ഹി തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ അത്യാഡംബരം ആംആദ്മി പാര്‍ട്ടി വിവാദമാക്കിയാലോ എന്ന ആശങ്കയിലാണ് മാധ്യമങ്ങള്‍ക്ക് തല്‍ക്കാലം പ്രവേശനം വേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയതെന്ന വിമര്‍ശനം ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തന്നെ പങ്കുവെച്ചു. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു അടക്കമുള്ള നേതാക്കള്‍ക്ക് പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇടം നല്‍കിയതും ശ്രദ്ധേയമായി. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര വിഷയത്തില്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ വിവാദങ്ങള്‍ക്ക് മറുപടിയായി നരസിംഹറാവുവിന്റെ മൃതദേഹത്തോട് കോണ്‍ഗ്രസും സോണിയയും കാണിച്ച അനാദരവ് ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് റാവുവിന്റെ ചില ചിത്രങ്ങള്‍ കൂടി പുതിയ കോണ്‍ഗ്രസ് ആസ്ഥാനത്തെ ചുവരില്‍ ഇടംപിടിച്ചു.
എന്തായാലും ഭാരതത്തിന്റെ ഭരണകൂടത്തിനെതിരെ പോരാടുമെന്ന് ആഹ്വാനം ചെയ്ത രാഹുലിനെതിരെ അസം പോലീസ് കേസെടുത്തിട്ടുണ്ട്. ഗുവാഹത്തിയിലെ പാ
ന്‍ബസാര്‍ പോലീസ് സ്റ്റേഷനിലാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരായ കുറ്റകൃത്യങ്ങള്‍ രാഹുല്‍ നടത്തി എന്നതിനാല്‍ ഭാരതീയ ന്യായ സംഹിതയിലെ 152,197(1) വകുപ്പുകള്‍ പ്രകാരമാണ് കേസ്. രാജ്യത്തെ ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് രാഹുല്‍ നടത്തിയതെന്നും ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയ്‌ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മൊന്‍ജിത് ചേത്യ എന്നയാളാണ് പരാതി നല്‍കിയതെന്ന് അസം പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ രാഹുലിനെതിരെ പരാതിയുമായി രംഗത്തുവരാനും സാധ്യതയുണ്ട്.
വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള പ്രചാരണത്തിനാണ് രാഹുലിന്റെ പുതിയ ആഹ്വാനം. രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് വ്യവസായികള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നാണ് ആവശ്യം. പ്രചാരണത്തിന്റെ ഭാഗമാകാന്‍ പുതിയ വെബ്സൈറ്റും രാഹുല്‍ ടീം തയ്യാറാക്കിയിട്ടുണ്ട്. അസമത്വത്തിനെതിരായ പോരാട്ടമെന്നാണ് വിശേഷണം. ഭരണകൂടത്തിനെതിരെ യുവാക്കളെയും തൊഴിലാളികളെയും പലരൂപത്തില്‍ രംഗത്തിറക്കുകയെന്ന അര്‍ബന്‍ നക്സല്‍ ആശയങ്ങളാണ് ഇതിലൂടെ നടപ്പാകുന്നത്. രാജ്യത്തെ വ്യവസായികള്‍ക്കെതിരായ പോരാട്ടത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്തെന്ന് തിരിച്ചറിയണമെങ്കില്‍ അര്‍ബന്‍ നക്സലുകള്‍ക്കും ജോര്‍ജ്ജ് സോറോസ് ഫണ്ടു ചെയ്യുന്ന എന്‍ജിഒകള്‍ക്കുമുള്ള ലക്ഷ്യങ്ങളിലെ സമാനതകള്‍ പരിശോധിച്ചാല്‍ മതിയാകും. എല്ലാവരുടേയും ലക്ഷ്യം ഭാരതത്തിലെ പ്രധാന രണ്ട് വ്യവസായ ഗ്രൂപ്പുകളാണ്. അംബാനി
ഗ്രൂപ്പിനേയും അദാനി ഗ്രൂപ്പിനേയുമാണ് രാഹുലും അര്‍ബന്‍ നക്സലുകളും ജോര്‍ജ്ജ് സോറോസ് സംഘവും ലക്ഷ്യമിടുന്നത്. ഏതു വിദേശ രാജ്യത്തിന്റെ താല്‍പ്പര്യത്തിനനുസരിച്ചാണ് ഈ ത്രികക്ഷി സംഘം ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാണ്. ഭാരതത്തിന്റെ അയല്‍ രാജ്യങ്ങളിലടക്കം വമ്പന്‍ തുറമുഖ പദ്ധതികള്‍ നടപ്പാക്കി ഭാരതത്തിന്റെ സ്വാധീനം ഉയര്‍ത്തുന്ന അദാനി ഗ്രൂപ്പ് ചൈനീസ് സര്‍ക്കാരിനും ചൈനീസ് കമ്പനികള്‍ക്കും ശത്രുവാണ്. അദാനി ഗ്രൂപ്പിനെതിരെ രാഹുല്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് പിന്നിലെ ചൈനീസ് സ്വാധീനമാണ് പരിശോധിക്കപ്പെടേണ്ടത്. ചൈനയുമായുള്ള രാഹുലിന്റെ ബന്ധം പലവട്ടം വിമര്‍ശന വിധേയമായ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും ഇത്തരം ഘടകങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്.
ദല്‍ഹിയില്‍ ഇന്ദിരാഭവനും സിപിഎം ആസ്ഥാനമായ സുര്‍ജിത് ഭവനും തമ്മിലുള്ള ദൂരം അരക്കിലോമീറ്ററില്‍ താഴെ മാത്രമാണ്. സിപിഐ ആസ്ഥാനത്തേക്കും ഇത്ര ദൂരമേയുള്ളൂ. കോണ്‍ഗ്രസും രാഹുലും കൂടുതലായി ഇടതുപക്ഷ ആശയങ്ങള്‍ക്ക് സ്വാധീനപ്പെടുകയാണോയെന്ന ചോദ്യത്തിന് ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പാതി തമാശയായും പാതി കാര്യമായും പറഞ്ഞ മറുപടിയാണിത്. ഐടിഒയില്‍ യമുനയ്‌ക്ക് മറുകരയിലായി ശക്കര്‍പൂരില്‍ സിപിഐഎംഎല്ലിന്റെ ഓഫീസുമുണ്ട്. കോണ്‍ഗ്രസിനെയും നയിച്ചുകൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് രാഹുലാണ് തീരുമാനിക്കേണ്ടത്. അര്‍ബന്‍ നക്സലുകളുടെ സ്വാധീനത്തിലുള്ള രാഹുലിന് ബോധോദയമുണ്ടായില്ലെങ്കില്‍ രാജ്യത്തെ ഇടതുപാര്‍ട്ടികളുടെ ഗതി തന്നെ കോണ്‍ഗ്രസിനും ഉറപ്പിക്കാം. സ്നേഹത്തിന്റെ കട എന്ന പേരില്‍ രാഹുല്‍ തുറക്കാന്‍ ശ്രമിക്കുന്നത് അരാജകത്വത്തിന്റെയും നക്സല്‍ ആശയങ്ങളുടേയും കട ആണെങ്കില്‍ അതടപ്പിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായറിയാം.