ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ് ഘടന മരിച്ചുകഴിഞ്ഞുവെന്ന് പറഞ്ഞ ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍. ട്രംപിന്റെ പ്രസ്താവന അസത്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
ട്രംപിന്റെ പ്രസ്തവാനയെക്കുറിച്ചുള്ള ചോദ്യത്തിന് ഇതല്ല വാസ്തവമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. അതേ സമയം ട്രംപ് പറഞ്ഞത് വാസ്തവമാണെന്ന് പറഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന യുഎസിന്റെ വിലക്ക് ഇന്ത്യ തള്ളിക്കളയുകയും റഷ്യയെ പിന്തുണയ്‌ക്കുകയും ചെയ്തതോടെയാണ് ഇന്ത്യയുടെയും റഷ്യയുടെയും സമ്പദ്ഘടന മരിച്ചുവെന്നും ഇവയെ ഇല്ലാതാക്കാന്‍ തനിക്ക് അറിയാമെന്നും ട്രംപ് പ്രതികരിച്ചത്. ഇന്ത്യയിലെ പ്രധാനമന്ത്രിയ്‌ക്കും ധനമന്ത്രിയ്‌ക്കും ഒഴികെ എല്ലാവര്‍ക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മരിച്ചുകഴിഞ്ഞവെന്ന് അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
അതേ സമയം യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. തന്റെ ലക്ഷ്യപ്രാപ്തിക്ക് എന്തും പറയുന്ന നേതാവാണ് ട്രംപ്. പക്ഷെ ലോകബാങ്ക്, ഐഎംഎഫ് എന്നീ ആഗോള സാമ്പത്തിക ഏജന്‍സികള്‍ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന് കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. ഇത് നിഷേധിക്കാന്‍ ഒരു സാമ്പത്തികവിദഗ്ധനും കഴിയില്ലെന്നിരിക്കെയാണ് യാതൊരു അടിത്തറയുമില്ലാതെ ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതിനെ രാഹുല്‍ ഗാന്ധി രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് സാമ്പത്തിക രംഗത്ത് അറിവും പരിചയവും ഉള്ളവരെ അമ്പരപ്പിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയുടെ നടപടിയെ ന്യായീകരിച്ചതിന്റെ പേരില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അകല്‍ച്ച പാലിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ സംഭവം.