
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ വീഡിയോ പുറത്തിറക്കിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ച് കോടതി. ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഒന്ന് തളളി.
കേസിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി പറഞ്ഞു.രാഹുല്‍ ഈശ്വര്‍ സ്ഥിരമായി ഇത്തരത്തില്‍ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ആളാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും വാദം ഉയര്‍ന്നു.അതേസമയം അതിജീവിതയുമായി ബന്ധപ്പെട്ട സമൂഹ മാധ്യമത്തിലെ പോസ്റ്റ് നീക്കാമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി പരിഗണിച്ചില്ല
നാല് ദിവസമായി റിമാന്‍ഡിലാണ് രാഹുല്‍ ഈശ്വര്‍. എഫ് ഐ ആര്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നും തെറ്റൊന്നും ചെയ്യാതെയാണ് തന്നെ ജയിലില്‍ അടച്ചതെന്നും കാട്ടി രാഹുല്‍ ഈശ്വര്‍ നിരാഹരത്തിലാണ്.ആരോഗ്യ സ്ഥിതി മോശമായതിനാല്‍ നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
അതേസമയം കേസില്‍ രാഹുല്‍ ഈശ്വറിനെ കോടതിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാട്ടി പൊലീസ് അഡീഷണല്‍ സി ജെ എം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി.