ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമെത്തി തൃശൂര്‍ പേരാമംഗലം പൊലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.
പ്രിന്റുവിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കെപിസിസി സെക്രട്ടറി അഡ്വ. പി.ആര്‍ പ്രാണകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും കോണ്‍ഗ്രസ് നേതാവ് ശ്രീകുമാര്‍ തൃശൂര്‍ പേരാമംഗലം പൊലീസിനുമാണ് പരാതി നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രിന്റു മഹാദേവ് ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.
കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കൊലവിളി പ്രസംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി പേരാമംഗലം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റു മഹാദേവിന്റെ ഭീഷണി പരാമര്‍ശം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
പ്രിന്റുവിനെ കണ്ടെത്താന്‍ പൊലീസ് ബിജെപി നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ബിജെപി നേതാവ് സുരേന്ദ്രന്‍ അയനിക്കുന്നത്തിന്റേയും സഹോദരന്‍ ഗോപിയുടേയും വീട്ടിലാണ് പരിശോധന നടത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപി നേതാക്കള്‍ പൊലീസിനെതിരെ ഭീഷണിയും മുഴക്കിയിരുന്നു.