
ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ താന്‍ ഭീരു എന്ന് വിളിച്ചതോടെ തനിക്കെതിരെ കോണ്‍ഗ്രസുകാര്‍ വധഭീഷണി മുഴക്കുകയാണെന്ന് ബീഹാറിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഡോ.ഷക്കീല്‍ അഹമ്മദ്. രാഹുല്‍ ഗാന്ധി അരക്ഷിതാവസ്ഥയുള്ള ഒരു രാഷ്‌ട്രീയ നേതാവാണെന്നും ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു.
തന്റെ കോലം കത്തിക്കല്‍ എന്ന വ്യാജേന ബീഹാറിലെ മധുബനിയിലും പട്നയിലും ഉള്ള തന്റെ വസതികള്‍ കത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും അത് വഴി തന്നെ വകവരുത്താന്‍ വരെ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും ഷക്കീര്‍ അഹമ്മദ് ആരോപിക്കുന്നു. ഇത് ജനാധിപത്യം എന്ന തത്വത്തിന് എതിരായ നീക്കമാണെന്നും ഷക്കീര‍് അഹമ്മദ് ആരോപിച്ചു.
രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരെ സംസാരിച്ചതിന് ഷക്കീല്‍ അഹമ്മദിന്റെ കോലം കത്തിക്കണമെന്ന് വാട് സാപ് ഗ്രൂപ്പില്‍ ഒരു കോണ്‍ഗ്രസ് നേതാവ് നിര്‍ദേശം നല്‍കിയതിന്റെ സന്ദേശവും ഷക്കീല്‍ അഹമ്മദ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ഷക്കീല്‍ അഹമ്മദിനെ ആക്രമിക്കണമെന്ന് പറയുന്നത് കേട്ടുവെന്ന് തന്നോട് വിളിച്ചുപറഞ്ഞുവെന്നും തന്റെ കോണ്‍ഗ്രസുകാരായ സുഹൃത്തുക്കളില്‍ പലരും തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന കാര്യവും ഷക്കീല്‍ അഹമ്മദ് വെളിപ്പെടുത്തി.
2025ല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട നേതാവാണ് ഷക്കീല്‍ അഹമ്മദ്. ജനപിന്തുണയുടെ സീനിയര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി എപ്പോഴും അസ്വസ്ഥനാണെന്ന് ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഏകാധിപതിയാണെന്നും ജനാധിപത്യ വിരുദ്ധനാണെന്നും ഷക്കീല്‍ അഹമ്മദ് വിമര്‍ശിച്ചിരുന്നു.