
ഭോപാല്‍ : ബിജെപിയുടെ വിജയത്തിന് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്യാതെ വ്യാജമായ ആരോപണങ്ങള്‍ ഉയര്‍ത്തി മോദി സര്‍ക്കാരിനെയും ബിജെപി സര്‍ക്കാരുകളെയും നേപ്പാള്‍ മോഡല്‍ കലാപത്തിലൂടെ അട്ടിമറിക്കാമെന്ന മൂഡവിശ്വാസമാണ് രാഹുല്‍ ഗാന്ധിയെ നയിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ ഭരണമാറ്റത്തിന് കുത്സിതമായ കരുനീക്കങ്ങള്‍ നടത്തുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന ശക്തിയാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് ഇതിനുള്ള ഊര്‍ജ്ജം നല്കുന്നത്.
വാസ്തവത്തില്‍ ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായി ഭരണം നേടുന്നതിന് പിന്നില്‍ ചില അടിസ്ഥാനമായ കാരണങ്ങളുണ്ട്. ഇത് ചികയാന്‍ കോണ്‍ഗ്രസ് നേതാക്കളോ രാഹുല്‍ ഗാന്ധിയോ തയ്യാറല്ല. അതിനാല്‍ ആ മോദി മാജികിനെയും ബിജെപിയുടെ ഭരണമികവിനെയും ഇതുവരെയും രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസോ മനസ്സിലാക്കിയിട്ടില്ല. മോദിയുടെ വ്യക്തിത്വപ്രഭാവം, ജനപ്രിയ നേതൃത്വം എന്നിവ ഇന്ത്യയില്‍ നല്ല ചലനമുണ്ടാക്കി അമിത് ഷായുടെ കര്‍ശനമായ നയം നടപ്പാക്കല്‍ ശൈലിയും ജനങ്ങളെ ആകര്‍ഷിച്ചു. പക്ഷെ ബിജെപിയില്‍ ഒരു മോദിയും അമിത് ഷായും അല്ല, ആയിരക്കണക്കായ മോദിമാരും അമിത് ഷാമാരും ഉണ്ട് എന്നതാണ് സത്യം.
ബിജെപിയുടെ വികസനനയങ്ങങ്ങള്‍ക്ക് ബിജെപിയുടെ വിജയത്തിന് പിന്നില്‍ നല്ല റോളുണ്ട്. അഴിമതിയില്ലാത്ത ഭരണം. അതാണ് ബിജെപി നല്‍കുന്നത്. ഒപ്പം. ജനങ്ങള്‍ക്ക് തൊട്ടറിയാന്‍ കഴിയുന്ന വികസനവും കൊണ്ടുവരുന്നു.
ഇതിനുമപ്പുറം ഓരോ അഞ്ച് വര്‍ഷത്തിലും ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബിജെപിയ്‌ക്ക് തനതായ ചില ശൈലികളുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും വരെ ബിജെപി പിന്‍വലിച്ചെന്നിരിക്കും. ചിലപ്പോള്‍ ഒരു സന്യാസിയെ തന്നെ മുഖ്യമന്ത്രിക്കസേര ഏല്‍പിക്കും. ഗുജറാത്തില്‍ ഈയിടെ ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ മുഖ്യമന്ത്രി ഒഴികെ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരെക്കൊണ്ടും രാജിവെപ്പിച്ചു. പകരം പുതിയ യുവാക്കളെ മന്ത്രിമാരാക്കി.
കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മുഖസ്തുതിക്കാരുടെയും അവരോട് ഒട്ടി നിന്ന് അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ തിന്നാന്‍ ശ്രമിക്കുന്നവരുടെയും ആലയമാണ്. താഴെ തട്ടിലെ ജനങ്ങളുടെ സ്പന്ദനമറിയാതെ ദല്‍ഹിയില്‍ ഒരു രാജകുടുംബം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളുടെയും അധികാരം കയ്യാളിക്കൊണ്ട് ഇരിക്കുന്നു. കുടുംബരാഷ്‌ട്രീയം ഇല്ലാതാകാതെ കോണ്‍ഗ്രസിന് ഭാവിയില്ല. ബിജെപിയുടെ ഇലക്ഷന്‍ എഞ്ചിനീയറിംഗ് കുറ്റമറ്റ ഒരു ആസൂത്രണരീതിയാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ആ സംവിധാനത്തെ ബിജെപി തുടച്ചുമിനുക്കുകയും മൂര്‍ച്ച കൂട്ടുകയും ചെയ്യുന്നു. അതില്‍ മോദിയും അമിത് ഷായും മുതല്‍ താഴെതട്ടിലുള്ള പ്രചാരകര്‍ വരെ ആശയങ്ങള്‍ നല്‍കുന്നുണ്ട്. അങ്ങിനെ ബിജെപിയുടെ ഇലക്ഷന്‍ എഞ്ചിനീയറിംഗ് എല്ലായ്‌പോഴും ഫ്രഷായി, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നു.