കോഴിക്കോട്: യുവതികള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും അത് നേതൃത്വം അംഗീകരിച്ചെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട എന്ന ചോദ്യത്തിന് മറ്റ് പാര്‍ട്ടികള്‍ക്ക് അത്തരമൊരു ആവശ്യം മുന്നോട്ടുവയ്‌ക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഷാഫിയുടെ മറുപടി. ആരോപണവിധേയരെ സിപിഐഎം ചെയ്യുന്നതുപോലെ സംരക്ഷിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാനാകില്ലെന്നും ഷാഫി പറമ്പില്‍ വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലിനെതിരെ ആരോപണം വന്നപ്പോള്‍ താന്‍ ബിഹാറിലേക്ക് ഒളിച്ചോടി എന്ന് പറയുന്നത് ശരിയല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബിഹാറില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ ഗൗരവം അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങള്‍. ആ യാത്രയില്‍ ഭാഗമാകുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. ദല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകാന്‍ എളുപ്പമായതിനാലാണ് പാര്‍ലമെന്ററി സമ്മേളനം കഴിഞ്ഞുടന്‍ അങ്ങോട്ട് തിരിച്ചത്.
തിരികെ വന്നയുടന്‍ മാധ്യമങ്ങളെ കാണാന്‍ തയ്യാറാകുന്നു. ബിഹാറിലേക്ക് മുങ്ങി എന്ന് പറയുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.