തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പന്‍ഡ് ചെയ്ത നടപടി നിയമസഭ സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടി ചൂണ്ടിക്കാട്ടി കത്ത് നല്‍കി. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്നും അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നാല്‍ ഇനി പ്രത്യേക ബ്ലോക്കില്‍ ഇരിക്കണം.ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.
ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജി വച്ചിരുന്നു.രാഹുല്‍മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപിയും സിപിഎമ്മും രംഗത്തെത്തിയിരുന്നു.രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ എ ഗ്രൂപ്പിനും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തണമെന്ന നിലപാടാണ് ഉള്ളത്. രാഹുല്‍ സഭയില്‍ വരുന്നതില്‍ സ്വന്തം നിലയ്‌ക്ക് തീരുമാനമെടുക്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.