കൊച്ചി:രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ പേര് പറയാതെ, യുവ ജനപ്രതിനിധി ശല്യപ്പെടുത്തിയെന്ന് ആരോപണമുന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് സി പി എം വേദിയിലെത്തി.സി പി എം നേതാവ് ഷൈനിനെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് പറവൂരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ കൂട്ടായ്‌മയിലാണ് നടി പങ്കെടുത്തത്.
വേദിയില്‍ ഷൈന്‍ റിനി ആന്‍ ജോര്‍ജിനെ സി പി എമ്മിലേക്ക് സ്വാഗതം ചെയ്തു.സ്ത്രീകളെ സ്മാര്‍ത്ത വിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിലുള്ളതെന്നും കെ ജെ ഷൈന്‍ വിമര്‍ശിച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജ ആരോപിച്ചു.
കോണ്‍ഗ്രസുമായും പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും വളരെ അടുപ്പമുള്ള കുടുംബ പശ്ചാത്തലമാണ് റിനിയുടേത്. മുമ്പ് മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് റിനി പ്രതിഷേധ കൂട്ടായ്‌മയ്‌യിലും ആവര്‍ത്തിച്ചത്. ഒരു പ്രത്യേക സംഘടനയുടെയോ വ്യക്തികളുടെയോ പേരെടുത്ത് പറഞ്ഞ് ഇന്നലെയും ആരെയും വിമര്‍ശിക്കാന്‍ റിനി തയാറായില്ല.