
കൊച്ചി: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതിക്കാരിയെ കേസിൽ കക്ഷി ചേർത്തു. രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപക്ഷേയിലാണ് പരാതിക്കാരിയെ കക്ഷി ചേർത്തത്. 21ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്നാണ് കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് അതീജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ അനുയായികളിൽ നിന്ന് തനിക്ക് വലിയ തോതിൽ ഭീഷണികളുണ്ടെന്നും പ്രതിയ്‌ക്ക് ജാമ്യം നൽകിയാൽ തന്റെ ജീവനുതന്നെ ഭീഷണിയാണെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങൾ കേട്ടശേഷമാണ് കോടതി യുവതിയെ കേസിൽ കക്ഷി ചേർത്തത്.
പലതരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരി തിരുവനന്തപുരം സിറ്റി സൈബർ പോലീസിൽ ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്‌ക്കുന്ന രാഹുൽ ഈശ്വർ അടക്കമുള്ളവർ സാമൂഹികമാധ്യമത്തിലൂടെ തന്നെ അപമാനിക്കുകയാണ്, അത് രാഹുൽ മാങ്കൂട്ടത്തിന് നൽകിയ ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുവതി മറ്റൊരു പരാതി നൽകിയിരിക്കുന്നത്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. ഗര്‍ഭഛിദ്രത്തിനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.