
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ കേസിലെ അതിജീവിതയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സുഹൃത്ത് ഫെനി നൈനാനെതിരെ സൈബര്‍ പൊലീസ് കേസെടുത്തു. അതിജീവിതയുടെ ചാറ്റ് ഉള്‍പ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചെന്ന് കാട്ടിയാണ് കേസ്.
പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്‌സാപ് ചാറ്റാണ് ഫെനി നൈനാന്‍ പുറത്തുവിട്ടത്.ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഫ്‌ലാറ്റില്‍ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാന്‍ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുല്‍ ആണെന്നും ഫെനി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
രാഹുലിനെ ന്യായീകരിച്ച് കഴിഞ്ഞദിവസവും ഫെനി നൈനാന്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായ് വ്യാഴാഴ്ച ചില സ്‌ക്രീന്‍ഷോട്ടുകളും പങ്കുവച്ചു.
2024-ല്‍ രാഹുല്‍ ബലാത്സംഗംചെയ്തെന്ന് ആരോപിക്കുന്ന പരാതിക്കാരി, 2025 ഒക്ടോബറില്‍ രാഹുലിനെ കാണാനായി അവസരം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായാണ് ഫെനി നൈനാന്‍ പറയുന്നത്.
രാഹുല്‍ എംഎല്‍എയുടെ വിഷയത്തില്‍ തന്റെ പേര് പരാതിക്കാരി പരാതിയില്‍ പറഞ്ഞെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും തുടര്‍ന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യധാര മാധ്യമങ്ങള്‍ അവസരം തരാതെ ഇരുന്നപ്പോള്‍ താന്‍ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞുവെന്നുമാണ് ഫെനി നൈനാന്‍ ന്യായികരിക്കുന്നത്. ഒരു കാര്യത്തിന്റെ രണ്ട് വശവും പറയാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവര്‍ പരിശോധിക്കട്ടെ.
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. തന്നെയും കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊള്‍ കാര്യങ്ങള്‍ ഒന്നുകൂടി വിശദമാക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
തന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുന്‍പ് , രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം അവസരം ചോദിച്ചു.താന്‍ പലവട്ടം ഒഴിവാക്കാന്‍ നോക്കി.
നിര്‍ബന്ധം സഹിക്കാനാവാതെ വന്നപ്പോള്‍, പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോരാ സ്വകാര്യത വേണം എന്നാണ് മറുപടി നല്‍കിയത്. ഓഫീസില്‍ എപ്പോഴും പാര്‍ട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എയുടെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്നാണ് പറഞ്ഞത്. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട, അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ പറഞ്ഞുവെന്ന് ഫെനി നൈനാന്‍ കുറിച്ചു.