
ആലപ്പുഴ : മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര ജയിലില്‍ പ്രവേശിപ്പിച്ചു.മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ 26/2026 നമ്പര്‍ റിമാന്‍ഡ് തടവുകാരനാണ് ഇപ്പോള്‍ എം എല്‍ എ.
അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്തു.എന്നാല്‍ സഹകരിക്കാതിരുന്ന രാഹുല്‍ ഐ ഫോണിന്റെ പാസ്‌വേര്‍ഡ് കൈമാറാന്‍ തയാറായില്ല. സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണസംഘത്തോട് വെല്ലുവിളിച്ചു.
ഉച്ചയോടെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ രാഹുലിനെ ഹാജരാക്കി.പതിനാല് ദിവസത്തേക്കാണ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തത്. കോടതി വളപ്പിലും പിന്നീട് ജയിലിലേക്ക് എത്തിക്കുമ്പോഴും രാഹുലിന് നേരെ യുവമോര്‍ച്ച, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.