കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് തീര്‍പ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം. ഭർത്താവിനൊപ്പം അയച്ചാൽ മകൾ കൊല്ലപ്പെടുമെന്ന് ഭയമുണ്ട്. മകൾ മാനസികമായി തകർന്ന നിലയിലാണ്. രാഹുല്‍ സൈക്കോപാത്ത് ആണെന്നും തന്റെ മകള്‍ നേരിട്ടത് ക്രൂരമര്‍ദനമാണെന്നും പിതാവ് പറഞ്ഞു.
മകളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും രാഹുലും കുടുംബവും തയാറായില്ല. രാഹുല്‍ സൈക്കോപാത്ത് ആണ്. രാഹുല്‍ സ്ഥിരം മദ്യപാനിയാണ്. മദ്യപാനിയല്ലെങ്കിലും അവന്‍ ഫ്രോഡ് തന്നെയാണ്. ഇനി അവനൊന്നിച്ചുജീവിക്കാന്‍ തയാറല്ല എന്ന് മകള്‍ തീര്‍ത്തുപറഞ്ഞിട്ടുണ്ട്. ഇനി ഈ കേസില്‍ ഒരു ട്വിസ്റ്റ് ഉണ്ടാവില്ല. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
പഴയ കേസില്‍ നിന്നും പിന്മാറിയത് ഭീഷണി കാരണമാണ്. അന്ന് മകള്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. ആദ്യത്തെ പരാതി കൊടുത്തപ്പോള്‍ അവള്‍ക്ക് ചില മോഹനവാഗ്ദാനങ്ങളൊക്കെ നല്‍കിയിരുന്നു. അങ്ങനെ മകളെക്കൊണ്ട് മൊഴി മാറ്റിപ്പറയിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുവതിക്ക് വീണ്ടും മര്‍ദനമേറ്റെന്ന പരാതിയെ തുടര്‍ന്ന് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ പഴയകേസ് പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോയെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്.
പോലീസിനെ ആക്രമിച്ചതിലും രാഹുലിനെതിരെ പോലീസ് കേസെറ്റുത്തേക്കും. മർദനമേറ്റ് യുവതി ആശുപത്രിയിലായതിന് തൊട്ടുപിന്നാലെ പാലാഴിയിലെ ഒരു വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് പ്രതി ബലം പ്രയോഗിച്ചത്. കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കൂടി കേസെടുക്കാനാണ് ആലോചന.