• Mon. Aug 25th, 2025

24×7 Live News

Apdin News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണിക്ക് മുമ്പിൽ കെപിസിസി നേതാക്കന്മാർ വഴങ്ങി; നേതാക്കളുടെ പല കഥകളും രാഹുലിനറിയാം: ബിജെപി

Byadmin

Aug 25, 2025



പാലക്കാട്: പാലക്കാട്ടെ വോട്ടർമാരെയും കേരളത്തിലെ ജനങ്ങളെയും അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ മതിയാകൂ എന്ന് ബിജെപി. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും പാലക്കാട്ടെ ഒരു ഔദ്യോഗിക പരിപാടിയിലും രാഹുലിനെ പങ്കെടുക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ പറഞ്ഞു.

വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് കോൺഗ്രസ് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടുകാർക്ക് ആവശ്യമില്ല.
പാലക്കാട്ടെ വോട്ടർമാരെയും കേരളത്തിലെ ജനങ്ങളെയും രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് കോൺഗ്രസിലെ നേതാക്കന്മാർ ആവശ്യപ്പെട്ടത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അവരുടെ നിലപാടിൽ മാറ്റം വരുന്നു. ഇതിന്റെ പിന്നിൽ രാഹുലിന്റെ ബ്ലാക് മെയിലിങ്ങാണ്.

പല കെപിസിസി നേതാക്കന്മാരുടേയും പല കഥകളും രാഹുലിന്റെ കൈയിൽ ഉണ്ട്. ആ കഥകൾ പുറത്തുവിടുമെന്ന രാഹുലിന്റെ ഭീഷണിക്ക് മുമ്പിൽ കെപിസിസിയുടെ നേതാക്കന്മാർ വഴങ്ങിയെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാൻ താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടാത്തത്. എന്നാൽ പാലക്കാട്ടെ വോട്ടർമാരോട് ഇത്രയേറെ സ്നേഹം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഷാഫി പറമ്പിലിനെ രാജിവെപ്പിച്ച് വടകരയിൽ കൊണ്ടുപോയി മത്സരിപ്പിച്ചെന്നും അദ്ദേഹം ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ചേ പറ്റൂ. പാലക്കാട്ടെ സ്ത്രീകളെ, വോട്ടർമാരെ രാഹുൽ അപമാനിച്ചിരിക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കും വരെ ശക്തമായ പ്രക്ഷോഭവുമായി മുമ്പോട്ട് പോകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

By admin