
പാലക്കാട്: ലൈംഗിക പീഡന കേസിൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കുന്നത്തൂർമേട് രണ്ടാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. രാഹുൽ വോട്ട് ചെയ്യാനെത്തുമെന്ന് അ റിഞ്ഞ് രാവിലെ മുതൽ തന്നെ ഇവിടെ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ കാത്തു നിന്നിരുന്നു.
എനിക്ക് പറയാനുള്ളത് കോടതിക്ക് മുന്നിലുണ്ടെന്നും സത്യം ജയിക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ വാഹനത്തിൽ കയറി പോവുകയും ചെയ്തു. എം എൽ എ എന്ന ബോർഡ് വച്ച വാഹനത്തിലാണ് രാഹുലെത്തിയത്.
പോളിങ് സമയം അവസാനിക്കാൻ ഒന്നര മണിക്കുർ സമയം അവശേഷിക്കേ 4.50ഓടെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പ്രോസിക്യൂഷൻ ഹാജാക്കിയ തെളിവുകൾ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനാകില്ലെന്നും കാണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
കോടതിയുടെ പരാമർശം കേസിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുമെന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.