കൊല്ലം: ലൈംഗിക പീഡന ആരോപണം ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും സ്വഭാവശുദ്ധി ഉണ്ടാകണമെന്നും ആരോപണങ്ങളിൽ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ലെന്നും പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. സ്വഭാവശുദ്ധി പൊതുപ്രവർത്തനത്തിൽ ഒരു മാനദണ്ഡമായി ഉണ്ടാകുന്നത് ജനപ്രീതി നേടാൻ ഏറ്റവും അനിവാര്യമാണ്. ആ സ്വഭാവശുദ്ധി ഇല്ലാത്തവനെ ജനം അങ്ങേയറ്റം വെറുക്കും എന്നുള്ളത് മാങ്കൂട്ടത്തിന്റെ കാര്യത്തിൽ വ്യക്തമായി.
വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നത് എന്ന് വെള്ളാപ്പള്ളി വിമർശിച്ചു. രാഹുൽ ഇപ്പോൾ എംഎൽഎ സ്ഥാനം ഉപേക്ഷിക്കേണ്ട സാഹചര്യത്തിലാണ് എത്തിനിൽക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എനിക്ക് രാഷ്ട്രീയ മോഹമില്ലെന്നും ഞാനൊരു മാങ്കൂട്ടത്തിൽ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആർക്കും തന്റെയടുത്ത് വരാം, തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളാണെങ്കിൽ അതൊക്കെ ചെയ്‌ത് നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.