തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. എന്നാൽ തന്നേട് ആരും രാജി വയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാധ്യമങ്ങളെ അറിയിച്ചു. യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും ആരോപണം തനിക്കെതിരെ ആണെന്ന് കരുതുന്നില്ലെന്നും രാഹുൽ പറഞ്ഞു.
രാജിക്കാര്യം കെപിസിസി അധ്യക്ഷനെ ഫോണിൽ അറിയിച്ചെന്നും സൂചനയുണ്ട്. എംഎൽഎ സ്ഥാനവും രാജി വയ്‌ക്കാൻ തയാറാണെന്ന് രാഹുൽ അറിയിച്ചതായാണ് വിവരം. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു. മുതിർന്ന നേതാക്കളും രാഹുലിനെ കൈവിട്ടിരുന്നു. പിന്നാലെയാണ് രാജി. രാഹുലിന് പകരം കെ എം അഭിജിത്തിന് സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതല നല്‍കുമെന്നാണ് സൂചന.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ദീപാദാസ് മുൻഷിക്ക് മാത്രം ആറു പരാതികൾ ലഭിച്ചുവെന്നാണ് വിവരം.