ബെംഗളുരു: ത്വക്ക് രോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയുടെ ദുരൂഹ മരണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവായ ജനറല്‍ സര്‍ജന്‍ ഡോ. ജി.എസ്. മഹേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാള്‍ ആസൂത്രണം ചെയ്തതിന്റെ ഫലമായാണ് കൊലപാതകം നടപ്പിലാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ബെംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിലെ ജനറല്‍ സര്‍ജന്‍ ആയ മഹേന്ദ്ര, ചികിത്സയുടെ മറവില്‍ ഭാര്യയ്ക്ക് അനസ്‌തേഷ്യ മരുന്ന് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കൃതികയ്ക്ക് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതും അത് വിവാഹത്തിന് മുമ്പ് ഭാര്യവീട്ടുകാര്‍ മറച്ചുവച്ചതും മഹേന്ദ്രയെ അസ്വസ്ഥനാക്കിയതായാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ 23നാണ് കൃതികയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ പശ്ചാത്തലം പുറത്ത് വന്നത്. ഫോറന്‍സിക് പരിശോധനയില്‍ അമിത അളവിലുള്ള അനസ്‌തേഷ്യ മരുന്നാണ് മരണകാരണമെന്ന് തെളിഞ്ഞു.
2024 മെയ് മാസത്തിലാണ് കൃതികയും മഹേന്ദ്രയും വിവാഹിതരായത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്ത് ഒന്‍പത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.