വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20യിൽ ഇന്ത്യയ്ക്ക് 249 റൺസിന്റെ കൂറ്റൻ ടോട്ടൽ. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസൺ വമ്പൻ തിരിച്ചുവരവ് നടത്തിയപ്പോൾ തിലക് വർമ്മയും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇഷാൻ കിഷനും ചേർന്ന് ഇന്ത്യക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചു. 41 പന്തുകളിൽ നിന്നും ഒമ്പത് ഫോറുകളും നാല് സിക്സുകളും അടക്കം 82 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്.
ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു റാഞ്ചിയിൽ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 21 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജു ടി-20യിൽ വിൻഡീസിനെതിരെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ താരമായും സഞ്ജു മാറി, ഈ റെക്കോർഡിൽ വിരാട് കോലിക്കൊപ്പമാണ് സഞ്ജു. 2019ലായിരുന്നു കോലി കരീബിയൻ പടക്കെതിരെ 21 പന്തുകളിൽ നിന്നും അർധ സെഞ്ച്വറി കടന്നത്.
മുൻ നായകൻ രോഹിത് ശർമ്മയെ മറികടന്നാണ് സഞ്ജു ഈ റെക്കോർഡ് സ്വന്തമാക്കിയത്. 2016ൽ 22 പന്തിൽ നിന്നായിരുന്നു രോഹിത്തിന്റെ നേട്ടം.
മത്സരത്തിൽ സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ 43 റൺസും ശ്രേയസ് അയ്യർ 40 റൺസുമാണ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച് തിലക് വർമ്മ 44 റൺസ് നേടി പുറത്താവാതെ നിന്നു. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് തിലക് നേടിയത്.
വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ
ഷായ് ഹോപ്പ് (ക്യാപ്റ്റൻ) & (വിക്കറ്റ് കീപ്പർ), കാമിൽ പൂരൻ, ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, ഗുഡാകേഷ് മോട്ടി, ഷാമർ സ്പ്രിംഗർ, അകീൽ ഹോസിൻ, ഷാമർ ജോസഫ്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബൈ, നമാൻ ധീർ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.