
കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാർ സംവിധാനങ്ങൾക്ക് ആവശ്യമായ അതിനൂതന വയേർഡ് സ്ട്രക്ചറുകൾ തദ്ദേശീയമായി നിർമിക്കാൻ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്, പ്രതിരോധ സ്ഥാപനമായ താലെസും ധാരണയായി.
സഹകരണത്തിന്റെ ഭാഗമായി, റഫാൽ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്ന ‘ആര്‍.ബി.ഇ.2’ റഡാറിന്റെ ഉയര്‍ന്ന മൂല്യമുള്ള സങ്കീര്‍ണ്ണ വയര്‍ ഘടനകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ എസ്എഫ്ഒ ടെക്‌നോളജീസിന് നല്‍കി. ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ പ്രാദേശികവല്‍ക്കരണമാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. റഫാൽ പദ്ധതിക്കായി തദ്ദേശീയമായി നൽകുന്ന ആദ്യത്തെ പ്രധാന കരാറാണ് എസ് എഫ് ഒ ടെക്‌നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു.
മേക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് പരസ്പര സഹകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷൻസ് ആൻഡ് പെർഫോമെൻസ് വിഭാഗം സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എസ്.എഫ്.ഒ ടെക്‌നോളജീസുമായുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ് പുതിയ കരാർ. ഒരുമിച്ചു നടത്തുന്ന എല്ലാ പ്രോജക്റ്റുകളിലും എസ് എഫ് ഒ ടെക്നോളജീസ് നവീകരണവും വിശ്വാസ്യതയും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ഉൽപന്നങ്ങളുടെ ഗുണമേന്മയിലും പ്രവർത്തന വൈദഗ്ധ്യത്തിലും പിന്തുണ നൽകി രാജ്യത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഫിലിപ്പ് നൊചെ അഭിപ്രായപ്പെട്ടു.
റാഫേൽ ഉപകരണങ്ങളുടെ ഉൽപ്പാദനത്തിൽ സജീവമായി പങ്കുചേരുന്നതിലൂടെ ഇന്ത്യൻ ഇക്കോസിസ്റ്റത്തിൽ പ്രാദേശിക ഉൽപാദനക്ഷമത ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് എസ്.എഫ്.ഒ ടെക്‌നോളജീസ് ചെയർമാനും എം.ഡി.യുമായ എൻ. ജഹാൻഗീർ പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയ്‌ക്കായി 26 റഫേല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഈ സഹകരണം. വ്യോമയാന, പ്രതിരോധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമായി കൂടുതൽ സഹകരണം നടത്തുന്നതിന് പ്രാദേശികവല്‍ക്കരണ രൂപരേഖ തയ്യാറാക്കുകയാണെന്നും താലെസ് കമ്പനി വ്യക്തമാക്കി. കൃത്യതയാര്‍ന്ന യന്ത്രവല്‍ക്കരണം, അസംബ്ലിങ്/വയറിങ്, ഇലക്ട്രോണിക്‌സ്, മൈക്രോ ഇലക്ട്രോണിക്‌സ്, സങ്കീര്‍ണ്ണമായ സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയ്‌ക്ക് പിന്തുണ നൽകുന്നതാണ് സഹകരണം