ടെൽ അവീവ്: ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ. ഇതിന്റെ ഭാഗമായി റഫാ നഗരം പൂർണമായി ഇസ്രയേൽ സൈന്യം വളഞ്ഞു. ഗാസയുടെ തെക്കേയറ്റത്തെ നഗരമാണ് റഫാ. ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ച ഇസ്രയേൽ സൈന്യം പലസ്തീനികൾക്ക് ഒഴിഞ്ഞു പോകാനായി സുരക്ഷാ ഇടനാഴിയൊരുക്കിയെന്നും വ്യക്തമാക്കി.
ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചത്. പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്നും പറഞ്ഞു.
അതേസമയം, ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ സൈനികന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേൽ–യുഎസ് പൗരത്വമുള്ള ഈഡൻ അലക്സാണ്ടറുടെ വീഡിയോയാണ് പുറത്തുവന്നത്. തന്റെ മോചനം സാധ്യമാക്കാതിരുന്ന ഇസ്രയേൽ സർക്കാരിനെ ഈഡൻ അലക്സാണ്ടർ വീഡിയോയിൽ വിമർശിക്കന്നുണ്ട്. വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഇസ്രയേൽ കടന്നാൽ ഈഡനെ മോചിപ്പിക്കാമെന്ന് ഹമാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.