
ന്യൂദൽഹി: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കാബൂളിൽ സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാന്റെ സ്റ്റാർ ഓൾറൗണ്ടർ റാഷിദ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹം പാകിസ്ഥാനെ നിശിതമായി വിമർശിച്ചു. ആക്രമണത്തിന് പാകിസ്ഥാനെ കുറ്റപ്പെടുത്തിക്കൊണ്ട് റാഷിദ് ഖാൻ സോഷ്യൽ മീഡിയയിൽ തന്റെ ആശങ്ക പ്രകടിപ്പിച്ചു.
“കാബൂളിലെ പാകിസ്ഥാൻ വ്യോമാക്രമണങ്ങളുടെ ഫലമായി സിവിലിയന്മാർ കൊല്ലപ്പെട്ടതായി വന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ ഞാൻ അതീവ ദുഃഖിതനാണ്. മനഃപൂർവ്വമോ അബദ്ധത്തിലോ സാധാരണക്കാരുടെ വീടുകൾ, വിദ്യാഭ്യാസ സൗകര്യങ്ങൾ അല്ലെങ്കിൽ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുന്നത് ഒരു യുദ്ധക്കുറ്റമാണ്. പ്രത്യേകിച്ച് വിശുദ്ധ റമദാൻ മാസത്തിൽ മനുഷ്യജീവിതങ്ങളോടുള്ള അവഗണന വേദനാജനകവും ആഴത്തിൽ ആശങ്കാജനകവുമാണ്. ഇത് വിഭജനത്തിനും വിദ്വേഷത്തിനും ആക്കം കൂട്ടും. ഈ ഏറ്റവും പുതിയ ക്രൂരതയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റവാളികളെ കണക്കിൽ എടുക്കാനും ഞാൻ ഐക്യരാഷ്‌ട്രസഭയോടും മറ്റ് മനുഷ്യാവകാശ ഏജൻസികളോടും അഭ്യർത്ഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞാൻ എന്റെ അഫ്ഗാൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നു. നമ്മൾ സുഖം പ്രാപിക്കും, ഒരു രാഷ്‌ട്രമായി നമ്മൾ ഉയരും. നമ്മൾ എപ്പോഴും അങ്ങനെ ചെയ്യും. ഇൻഷാ അള്ളാ!” – റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.
റാഷിദ് ഖാനെ കൂടാതെ മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് തുടങ്ങിയ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മറ്റ് ക്രിക്കറ്റ് താരങ്ങളും പാകിസ്ഥാൻ നടത്തിയ ഹീനമായ ആക്രമണങ്ങളെക്കുറിച്ച് നവമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചു.
അതേ സമയം നഗരത്തിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. താലിബാൻ സർക്കാർ അവകാശപ്പെട്ടതുപോലെ കാബൂളിലെ ഒരു ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 16 തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. എന്നാൽ കാബൂളിൽ നടത്തിയ ആക്രമണത്തിൽ ഒരു സാധാരണ സ്ഥലത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടിരിക്കുന്നത്.