
ബെര്‍ളിന്‍ : റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കരുതെന്ന് യൂറോപ്യന്‍ രാജ്യങ്ങളോടും യുഎസിനോടും താക്കീത് നല്‍കി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ തന്നെ യുഎസിനോട് ഉപരോധത്തില്‍ നിന്നുള്ള ഇളവ് അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. – പീയൂഷ് ഗോയല്‍ പറഞ്ഞു.
“ജര്‍മ്മനി തന്നെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനായി യുഎസ് ഉപരോധത്തില്‍ നിന്നും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ഇന്ന് ഞാന്‍ ഒരു പത്രത്തില്‍ വായിച്ചു. യുകെയും ഈ പ്രശ്നം പരിഹരിക്കുകയും അവര്‍ക്ക് യുഎസില്‍ നിന്നും ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് ഇന്ത്യയെമാത്രം ഇക്കാര്യം പറഞ്ഞ് ഉപദ്രവിക്കുന്നു?”- പീയൂഷ് ഗോയല്‍ ചോദിച്ചു.
ബെര്‍ലിന്‍ ഗ്ലോബല്‍ ഡയലോഗില്‍ ബ്രിട്ടീഷ് വാണിജ്യ മന്ത്രി കെമില്‍ ബഡെനോചിനൊപ്പം ഇരുന്ന് സംസാരിക്കവേയാണ് പീയൂഷ് ഗോയലിന്റെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുഎസിനും എതിരായ തുറന്ന വിമര്‍ശനം.