ന്യൂദല്‍ഹി: വിവരമില്ലാത്തവനെ പിടിച്ച് വ്യാപാര ഉപദേഷ്ടാവാക്കിയത് ട്രംപിന്റെ തെറ്റ്. ലോകത്തില്‍ വെച്ച് പരമാബദ്ധമാണ് പീറ്റര്‍ നവാരോ തിങ്കളാഴ്ച പറഞ്ഞത്. റഷ്യന്‍ എണ്ണ വിറ്റ് ബ്രാഹ്മണര്‍ ഇന്ത്യയില്‍ ലാഭം കൊയ്യുകയാണെന്നും ഇന്ത്യക്കാര്‍ ഈ അനീതിയെ ചോദ്യം ചെയ്യണമെന്നുമാണ് പീറ്റര്‍ നവാരോ പറഞ്ഞത്.
ഇതിനെതിരെ മറുപടി പറഞ്ഞത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളാണ്. ആയിരക്കണക്കിന് പോസ്റ്റുകളാണ് ട്രംപിനെതിരെ പ്രത്യക്ഷപ്പെട്ടത്. പീറ്റര്‍ നവാരോ പറഞ്ഞത് ശുദ്ധ അംസബന്ധമാണെന്നെന്നും സമൂഹമാധ്യമങ്ങള്‍ പറയുന്നു.
ആരാണ് റഷ്യന്‍ എണ്ണ വിറ്റ് ലാഭം കൊയ്ത് ഈ ബ്രാഹ്മണന്‍ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം മുകേഷ് അംബാനിയാണെങ്കില്‍ അദ്ദേഹം ബ്രാഹ്മണനല്ല. പകരം മോദ് ബനിയ സമുദായക്കാരനാണ്. പൊതുവേ വൈശ്യരാണ് ഇവര്‍. അദാനിയാകട്ടെ ബനിയ എന്ന വൈശ്യ സമുദായത്തില്‍ പെട്ടയാളാണ്. രത്തന്‍ ടാറ്റ പാഴ്സിയാണെങ്കില്‍ ലക്ഷ്മീ മിത്തല്‍ മാര്‍വാറിയാണ്. ഇനി മോദിയുടെ കാര്യമെടുത്താല്‍ അദ്ദേഹം ഒബിസിയാണ്. കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കേ പിന്നെ, റഷ്യന്‍ എണ്ണ വിറ്റ് ഏത് ബ്രാഹ്മണനാണ് ഇന്ത്യയില്‍ ലാഭം കൊയ്തതെന്ന ചോദ്യത്തിന് മറുപടിയില്ല. ശുദ്ധവിവരക്കേടാണ് പീറ്റര്‍ നവാരോ വിളമ്പിയിരിക്കുന്നത്.
അതേ സമയം ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയുടെ ഭാര്യയും മുന്‍പ് ജേണലിസ്റ്റും ഇപ്പോള്‍ തൃണമൂല്‍ എംപിയുമായ സാഗരിക ഘോഷ് പീറ്റര്‍ നവാരോ പറഞ്ഞത് ശരിയാണെന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമം നടത്തി. ബ്രാഹ്മിണ്‍ എന്നത് കൊണ്ട് ഇന്ത്യയിലെ ജാതിയെയല്ല, പണക്കാരെയാണ് ഉദ്ദേശിച്ചതെന്നാണ് സാഗരികഘോഷിന്റെ വിശദീകരണം. അമേരിക്കയില്‍ സമ്പന്നരായവരെ ബോസ്റ്റണ്‍ ബ്രാഹ്മിണ്‍ എന്ന് വിളിക്കുക പതിവുണ്ടെന്നും സാഗരികഘോഷ് പറയുന്നു. എന്നാല്‍ അനാവശ്യമായി ട്രംപിന്റെ വ്യാപാര ഉപദേശകനെ ന്യായീകരിക്കാന്‍ ശ്രമിച്ചതിന് സാഗരിക ഘോഷിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ ഉയരുന്നുണ്ട്. ഇതിനെ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തന്നെ എതിര്‍ക്കുന്നുണ്ട്. “ബോസ്റ്റണ്‍ ബ്രാഹ്മിണ്‍സ് എന്ന പ്രയോഗം ഉള്ളതായി അറിയാം. പക്ഷെ ഇന്ത്യയിലെ സാഹചര്യത്തില്‍ ബ്രാഹ്മിണ്‍സ് എന്ന പദം ഉപയോഗിച്ചാല്‍ അതിന് വേറെ അര്‍ത്ഥങ്ങളുണ്ട്. പീറ്റര്‍ നവാരോയെപ്പോലുള്ള ഒരു സീനിയര്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇത്തരം പിഴവ് വരുത്തുന്നത് നാണക്കേടാണ്.” – പ്രിയങ്ക ചതുര്‍വേദി പറയുന്നു.
അതേ സമയം കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പീറ്റര്‍ നവാരോയെ വിമര്‍ശിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയരുതെന്ന താക്കീതാണ് പവന്‍ ഖേര നല്‍കുന്നത്.
ഇതോടെ പീറ്റര്‍ നവാരോയെക്കുറിച്ച് പണ്ട് ഇലോണ്‍ മസ്ക് ഉപയോഗിച്ച പ്രയോഗവും വൈറലായി. “ഇയാള്‍ ഒരു പമ്പരവീഡ്ഡിയാണ്. ഒരു കല്ല് നിറച്ച ചാക്കിനേക്കാള്‍ വിഡ്ഡി” എന്നാണ് ഇലോണ്‍ മസ്ക് നവാരോയെക്കുറിച്ച് പറഞ്ഞത്.