• Tue. Sep 2nd, 2025

24×7 Live News

Apdin News

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമ്പോൾ ലാഭം നേടുന്നത് ഉയർന്ന ജാതിക്കാരായ ബിസിനസുകാർ : നവാരോയുടെ പ്രസ്താവനയെ പിന്തുണച്ച് ഉദിത് രാജ്

Byadmin

Sep 1, 2025



ന്യൂഡൽഹി : ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുകയാണെന്ന വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജ് . നവാരോ പറഞ്ഞത് “വസ്തുതാപരമായി ശരിയാണ്” എന്നാണ് ഉദിത് രാജിന്റെ വാദം.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകളിൽ നിന്ന് ലാഭം നേടുന്നത് ഉയർന്ന ജാതിക്കാരായ ബിസിനസുകാർ മാത്രമാണെന്നും മുൻ കോൺഗ്രസ് എംപിയും ദളിത് നേതാവുമായ ഉദിത് രാജ് ആരോപിച്ചു. “റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകളിൽ നിന്ന് ബ്രാഹ്മണർ നേട്ടം കൈവരിക്കുന്നുണ്ടെന്ന പീറ്റർ നവാരോയുടെ പരാമർശത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പ്രധാനമായും നടത്തുന്നത് ഉയർന്ന ജാതിക്കാരാണെന്നത് ശരിയാണ്. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുകയും, ശുദ്ധീകരിക്കുകയും, വളരെ ഉയർന്ന വിലയ്‌ക്ക് വിൽക്കുകയും ചെയ്യുന്നു. സാധാരണ ഇന്ത്യക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല,” ഉദിത് രാജ് പറഞ്ഞു.

“വിവേചനം കാരണം രാജ്യത്തെ പിന്നാക്ക ജാതിക്കാർക്കും ദലിതർക്കും അടുത്ത 100 വർഷത്തിനുള്ളിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. നവാരോ പറഞ്ഞത് വസ്തുതാപരമായി ശരിയാണ്, ആർക്കും അത് നിഷേധിക്കാൻ കഴിയില്ല,” ഉദിത് രാജ് പറഞ്ഞു.

റഷ്യ യുക്രെയ്നെ ആക്രമിക്കുന്നതിന് മുൻപ് ഇന്ത്യ വളരെ ചെറിയ തോതിൽ മാത്രമേ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നുള്ളൂ.എന്നാൽ യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യ റഷ്യയിൽ നിന്ന് വൻ തോതിൽ എണ്ണ വാങ്ങുകയാണ് . അത് സംസ്ക്കരിച്ച് കയറ്റുമതി ചെയ്യുകയാണ് . – എന്നായിരുന്നു നവാരോയുടെ വിവാദമായ പ്രസ്താവന.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായും സഹകരിക്കുന്നതെന്ന് മനസിലാകുന്നില്ല . എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത ദയവായി മനസിലാക്കുക. ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ്. അത് നിർത്തേണ്ടതുണ്ട്’’ – എന്നും നവാരോ പറഞ്ഞു.

By admin