• Thu. Aug 14th, 2025

24×7 Live News

Apdin News

റഷ്യയുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നയാര എനര്‍ജിയെ യുഎസും ഇയുവും ഞെക്കിക്കൊല്ലുന്നു;ചൈനയിലേക്ക് ഡീസല്‍ അയച്ച് നയാര

Byadmin

Aug 13, 2025



ന്യൂദല്‍ഹി: റഷ്യയുടെ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ സംസ്കരിക്കുന്ന, പെട്രോളും ഡീസലും ചില്ലറയായി വില്‍കുന്ന കമ്പനിയാണ് നയാര‍ എനര്‍ജി. ഇന്ത്യയില്‍ ഏകദേശം 6750പെട്രോള്‍ ബങ്കുകള്‍ നയാരയ്‌ക്കുണ്ട്. റിലയന്‍സിന് പിന്നില്‍, ഇന്ത്യയില്‍ എണ്ണ ശുദ്ധീകരിക്കുന്ന രണ്ടാമത്തെ വലിയ കമ്പനിയാണ് നയാര. എന്നാല്‍ ഈ കമ്പനിയെ ഇല്ലാതാക്കാന്‍ കരുക്കള്‍ നീക്കുകയാണ് യുഎസും യൂറോപ്യന്‍ യൂണിയനും.

കാരണം റഷ്യയുടെ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുക വഴിയും ശുദ്ധീകരിച്ച പെട്രോളും ഡീസലും വിറ്റഴിക്കുക വഴിയും റഷ്യയ്‌ക്ക് നല്ലൊരു വരുമാനം നയാര എനര്‍ജി നല്‍കുന്നുണ്ട്. ഇതിന്റെ കഴുത്തരിയാനാണ് യുഎസും യൂറോപ്യന്‍ യൂണിയനും ശ്രമിക്കുന്നത്.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിക്കുകയാണ് ട്രംപും യൂറോപ്യന്‍ യൂണിയനും. പക്ഷെ ഇതിന് തിരിച്ചടി നല്‍കി ചൈനയിലേക്ക് ഡീസല്‍ അയച്ചിരിക്കുകയാണ് നയാര എനര്‍ജി.2021ന് ശേഷമാണ് ഇതാദ്യമായി ചൈനയിലേക്ക് നയാര ചരക്ക് അയക്കുന്നത്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നയാര എനര്‍ജിയുടെ പ്രധാന ഉടമസ്ഥര്‍ റഷ്യന്‍ കമ്പനിയായ റോസ് നെഫ്റ്റ് ആണ്. ഇന്ത്യയില്‍ ഏകദേശം 6750 പെട്രോള്‍ പമ്പുകള്‍ നയാര എനര്‍ജിക്കുണ്ട്. വര്‍ഷത്തില്‍ രണ്ട് കോടി ടണ്‍ എണ്ണ ശുദ്ധീകരിക്കാനുള്ള ഫാക്ടറി നയാരക്ക് ഗുജറാത്തിലുണ്ട്.

ഇന്ത്യ-റഷ്യ ഊഷ്മള ബന്ധത്തില്‍ വളര്‍ന്നതാണ് നയാര എനര്‍ജി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ റഷ്യന്‍ ഊര്‍ജ്ജോല്‍പാദനകമ്പനി ഇന്ത്യയുടെ ആകെ എണ്ണയുല്‍പാദനത്തിന്റെ എട്ട് ശതമാനം നിര്‍മ്മിക്കുന്നു. ഇന്ത്യയില്‍ ആകെ വിറ്റഴിക്കുന്ന ചില്ലറ ഇന്ധനവില്‍പനയുടെ ഏഴ് ശതമാനവും നയാര എനര്‍ജിക്കാണ്. അവിടെയാണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഉപരോധത്തിന്റെ പൂട്ട് വീണിരിക്കുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന വിലക്ക് വന്നതോടെ ഇനി നയാരയുടെ പ്ലാന്‍റിലേക്ക് അസംസ്കൃത എണ്ണ എത്തില്ല. മാത്രമല്ല, നയാരയുടെ 6750 ചില്ലറ വില്‍പന നടത്തുന്ന പെട്രോള്‍ ബങ്കിലേക്കും എണ്മ എത്തുന്നതിന് ഭാവിയില്‍ തടസ്സം നേരിടും.

എന്തായാലും ഇപ്പോള്‍ 4,96000 ബാരല്‍ ഡീസല്‍ ആണ് ചരക്ക് കപ്പലില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് നയാര എനര്‍ജി അയച്ചിരിക്കുന്നത്. 2021ന് ശേഷം ഇതാദ്യമായാണ് ചൈനയിലേക്ക് ഇന്ത്യയില്‍ നിന്നും ഡീസല്‍ അയക്കുന്നത്. ഗുജറാത്തിലുള്ള നയാരയുടെ വാഡിനാര്‍ ടെര്‍മിനലില്‍ നിന്നാണ് ഇഎം സെനിത് എന്ന ചരക്ക് കപ്പല്‍ ഡീസലുമായി പോയത്. വാസ്തവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് തൊട്ടു മുന്‍പാണ് ഈ ചരക്ക് കപ്പല്‍ ഗുജറാത്ത് തീരത്ത് നിന്നും ചൈനയിലേക്ക് പോയത്.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധഅറിയിപ്പ് ജൂലായ് 18നാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഇത് പ്രകാരം റഷ്യയുടെ അസംസ്കൃത എണ്ണയില്‍ നിന്നും ശുദ്ധീകരിച്ചെടുത്ത പെട്രോളോ ഡീസലോ ഇറക്കമതി ചെയ്യാന്‍ പാടില്ല. റഷ്യയുടെ അസംസ്കൃത എണ്ണ വാങ്ങുകയാണെങ്കില്‍ ബാരലിന് 46 ഡോളറേ നല്‍കാന്‍ പാടുള്ളൂ. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില 65 ഡോളര്‍ വരെ വിലയുള്ളപ്പോഴാണിതെന്നോര്‍ക്കണം. അതായത് ഇത്രയും കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുക വഴി റഷ്യയുടെ ഇന്ധനശേഷി തകര്‍ക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ 3 മുതല്‍ ഈ ഉപരോധം നിലവില്‍ വരും. ഏത് വിധേനെയും റഷ്യയെ അവസാിപ്പിക്കുകയാണ് യുഎസ് -യൂറോപ്യന്‍ യൂണിയന്‍ കൂട്ടുകെട്ടിന്റെ ലക്ഷ്യം. ഇതിനിടെയാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന വിലക്കിനെ തള്ളിക്കളഞ്ഞ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം വ്യാപാരതീരുവ ഏര്‍പ്പെടുത്തി യുഎസ് മറ്റൊരു ആഘാതം കൂടി ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പിച്ചത്.

നയാര പലവിധ സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോവുകയാണ്. കമ്പനിയുടെ പരിചയസമ്പന്നനായ സിഇഒ അലെസാന്ദ്രോ ദെസ് ഡൊറൈഡ്സ് രാജിവെച്ചു. ജൂലായ് 28 മുതല്‍ മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയറിലേക്കും ഡേറ്റയിലേക്കും പ്രവേശിക്കുന്നതില്‍ നിന്നും നയാരയെ വിലക്കിയിരിക്കുന്നു. കരാര്‍ കാലാവധി നിലനില്‍ക്കെയാണ് യുഎസ് സമ്മര്‍ദ്ദത്തിന്റെ ഫലമായി മൈക്രോസോഫ്റ്റ് നന്ദികേട് കാണിച്ചത്. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോള്‍ നയാരക്ക്അനുകൂലമായി വിധി വന്നതോടെ മൈക്രോസോഫ്റ്റ് അവരുടെ സേവനം പുനസ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ചരക്ക് കപ്പലില്‍ അയച്ച ഡീസല്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിട്ട ശേഷം ചൈനയില്‍ സൂഷാന്‍ തുറമുഖത്ത് എത്തി. പക്ഷെ നിരവധി നയാര ഉല്‍പന്നങ്ങള്‍ നിറച്ച ചരക്ക് കപ്പലുകള്‍ യൂറോപ്യന്‍ യൂണിയന്റെ ഉപരോധം കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.

അസാധാരണമായ സമ്മര്‍ദ്ദത്തിലൂടെ കടന്നുപോവുകയാണ്. ഇന്ത്യ. നയതന്ത്രത്തിന് പോലും സാധ്യതയില്ലാത്തവിധം സങ്കീര്‍ണ്ണമാണ് സ്ഥിതിവിശേഷം.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങരുതെന്ന് വിലക്കിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയനും യുഎസും. റഷ്യയില്‍ നിന്നും എണ്ണവാങ്ങി പണം നല്കുമ്പോള്‍ ആ പണം ഉക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിന് തുല്ല്യമാണെന്നാണ് യുഎസും യൂറോപ്യന്‍ യൂണിയനും പറയുന്നത്.

എന്നാല്‍ യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും വിലക്കിനെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. കാരണം യൂറോപ്യന്‍ യൂണിയനും യുഎസും റഷ്യയില്‍ നിന്നും പല ഉല്‍പന്നങ്ങളും വാങ്ങുന്നുണ്ടെന്നിരിക്കെ, ഇന്ത്യയെ മാത്രം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെ വിലക്കുന്നത് ഇരട്ടത്താപ്പാണെന്ന അഭിപ്രായമാണ് ഇന്ത്യയ്‌ക്കുള്ളത്. ഇതിനപ്പുറം ഇന്ത്യയ്‌ക്കെതിരെ ഭീകരവാദികളെ അയച്ച പാകിസ്ഥാനെ ഒന്ന് വിമര്‍ശിക്കാന്‍ പോലും യൂറോപ്യന്‍ യൂണിയനോ യുഎസോ തയ്യാറായില്ല. പകരം യുഎസ് പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് സ്വീകരണം നല്‍കുകയാണ്. അതായത് ഇന്ത്യയില്‍ നടക്കുന്ന നെറികേടിനെ ചോദ്യം ചെയ്യാന്‍ അമേരിക്കയോ യൂറോപ്യന്‍ യൂണിയനോ ഇല്ല. പകരം അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെക്കൊണ്ട് നടത്തിക്കുകയും ചെയ്യുന്നു. അതിന് ഉദാഹരണമാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന് ഇന്ത്യയെ വിലക്കിയ നീക്കം. അതായത് ഇന്ത്യയെ ഒരു ജൂനിയര്‍ പങ്കാളിയായി മാത്രമാണ് അവര്‍ കാണുന്നത്. ഇന്ത്യയെ തുല്യശക്തിയായി കാണാത്ത പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടില്‍ ഇന്ത്യയ്‌ക്ക് കടുത്ത അമര്‍ഷവും എതിര്‍പ്പും ഉണ്ട്.

മാത്രമല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ പെട്രോളും ഡീസലും നല്‍കണമെന്ന പ്രതിബദ്ധത സര്‍ക്കാരിനുണ്ട്.ജനങ്ങളോടുള്ള ഈ പ്രതിബദ്ധത നിര്‍വ്വഹിക്കാന്‍ വിലക്കുറവില്‍ ലഭിക്കുന്ന എണ്ണ റഷ്യയുടെ കയ്യില്‍ നിന്നും ലഭിച്ചേ മതിയാവൂ എന്നതാണ് സ്ഥിതി. ഇനി റഷ്യയുമായുള്ള ബന്ധത്തിന്റെ കാര്യമെടുത്താല്‍ ഇന്ത്യയ്‌ക്ക് ആധുനികമായ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യയും ഉദാരമായി നല്‍കുന്ന രാജ്യമാണ് റഷ്യ. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളേയോ അമേരിക്കയെയോ പോലും വിശ്വസിക്കാനാവില്ല. പാകിസ്ഥാനെതിരായ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ യുദ്ധവിമാനങ്ങളെയും മിസൈലുകളെയും വീഴ്‌ത്താന്‍ റഷ്യ നല്‍കിയ എസ് 400 എന്ന വ്യോമപ്രതിരോധസംവിധാനം നല്‍കിയ സഹായം ആഴത്തിലുള്ളതായിരുന്നു.

നയാര എനര്‍ജിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്
യൂറോപ്യന്‍ യൂണിയന്റെ ഉപരോധത്തോടെ നയാര എനര്‍ജി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണിപ്പോള്‍. ഉല്‍പന്നങ്ങള്‍ക്ക് വില കിട്ടുന്നില്ല. ഇനി ഉല്‍പന്നങ്ങള്‍ അയച്ചാല്‍ അത് ലക്ഷ്യസ്ഥാനത്ത് എത്തുമോ എന്ന് ഉറപ്പില്ല. വേണ്ടത്ര അസംസ്കൃത എണ്ണ കിട്ടാത്തതിനാല്‍ ഗുജറാത്തിലെ വാഡിനാറിലെ കൂറ്റന്‍ എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിനാകട്ടെ കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല.

By admin