
ഗോവ: ഗോവയില്‍ നടക്കുന്ന ഫിഡ് ചെസ് വേള്‍ഡ് കപ്പില്‍ രണ്ടാം റൗണ്ടില്‍ റഷ്യയുടെ ഒന്നാം നമ്പര്‍ താരമായ ഇയാന്‍ നെപോംനെഷിയെ തറപറ്റിച്ച് ഇന്ത്യയുടെ ദീപ്തയാന്‍ ഘോഷ്. ബംഗാളില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്ററാണ് ദീപ്തയാന്‍ ഘോഷ്.
രണ്ട് ക്ലാസിക്കല്‍ ഗെയിമുകളുടെ ആദ്യ റൗണ്ടില്‍ തന്നെ ദീപ്തയാന്‍ ഘോഷ് ഇയാന്‍ നെപോമ്നെഷിയെ കെട്ടുകെട്ടിച്ചു എന്നതാണ് അത്ഭുതപ്പെടുത്തിയത്. ആദ്യ കളിയില്‍ സമനിലയില്‍ പിരഞ്ഞെങ്കിലും രണ്ടാമത്തെ ക്ലാസിക് ഗെയിമില്‍ ദീപ്തയാന്‍ നെപോമ്നെഷിയെ തറപറ്റിക്കുകയായിരുന്നു.
ലോക 19ാം നമ്പര്‍ താരമായ ഇയാന്‍ നെപോംനെഷി ലോക ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാനായാണ് ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് വേള്‍ഡ് കപ്പില്‍ മത്സരിക്കാനെത്തിയത്. ഈ ടൂര്‍ണ്ണമെന്‍റില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവരാണ് കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗ്യത നേടുക. പക്ഷെ രണ്ടാം റൗണ്ടില്‍ തന്നെ 2732 റേറ്റിംഗ് ഉള്ള ഇയാന്‍ നെപോംനെഷി തന്നേക്കാള്‍ റേറ്റിംഗ് കുറവുള്ള ഇന്ത്യന്‍ താരത്തോട് തോല്‍ക്കുകയായിരുന്നു. 2573 മാത്രമാണ് ദീപ്തയാന്‍ ഘോഷിന്റെ റേറ്റിംഗ്.
ഇതോടെ മൂന്നാം റൗണ്ടിലേക്ക് കടന്ന പത്ത് ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തില്‍ ദീപ്തയാനും സ്ഥാനം പിടിച്ചു. പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി, പെന്‍റല ഹരികൃഷ്ണ, പ്രണവ്, എസ്എല്‍ നാരായണന്‍, കാര്‍ത്തികേയന്‍ വെങ്കിട്ടരമണന്‍, പ്രണവ് വി, പ്രാണേഷ് എം എന്നിവരാണ് മറ്റ് താരങ്ങള്‍. അതേ സമയം യുഎസ് താരം ലെവോണ്‍ ആരോണിയോനും ഫ്രഞ്ച് താരം മാക്സിം വാചിയര്‍ ലെഗ്രാവും രണ്ട് ഇന്ത്യന്‍ മുന്‍നിരതാരങ്ങളുടെ കഥകഴിച്ചു.ലെവോണ്‍ ആരോണിയോന്‍ ആരോണ്യക് ഘോഷിനെ തോല്‍പിച്ചപ്പോള്‍ മാക്സിം വാചിയര്‍ ലെഗ്രാവ് സൂര്യ ശേഖര്‍ ഗാംഗിലെയാണ് കെട്ടുകെട്ടിച്ചത്. രണ്ടാം റൗണ്ടില്‍ റൗണക് സാധ്വാനിയും നിഹാല്‍ സരിനും തോറ്റു പുറത്തായിട്ടുണ്ട്.
ഇന്ത്യയിലെ കൊൽക്കത്തയിൽ നിന്നുള്ള ഒരു ചെസ്സ് കളിക്കാരനാണ് ദീപ്തായൻ ഘോഷ്. 2016 മാർച്ചിൽ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ നടന്ന എച്ച്ഡിബാങ്ക് ഇന്റർനാഷണൽ ചെസ് ഓപ്പൺ ടൂർണമെന്റിൽ കിരീടത്തിന് ആവശ്യമായ മൂന്നാമത്തെയും അവസാനത്തെയും മാനദണ്ഡം നേടിയതിന് ശേഷം 17 വയസ്സുള്ളപ്പോൾ അദ്ദേഹം ഗ്രാൻഡ്മാസ്റ്ററായി യോഗ്യത നേടി.2008-ൽ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗത്തിലും 2009-ൽ അണ്ടർ 12 വിഭാഗത്തിലും ഘോഷ് സ്വർണ്ണ മെഡൽ നേടി. 2013 – ലും 2014- ലും വേൾഡ് യൂത്ത് അണ്ടർ 16 ചെസ് ഒളിമ്പ്യാഡിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അദ്ദേഹം.
സൗത്ത് പോയിന്‍റ് സ്കൂളിലും സെന്‍റ് സേവ്യേഴ്സ് കോളേജിലുമായി അദ്ദേഹം പഠിച്ചു . പിന്നീട്, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി . 2021 ജൂലൈ മുതൽ 2022 ഡിസംബർ വരെ മുംബൈയിലെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ അദ്ദേഹം ജോലി ചെയ്തു , പക്ഷേ ചെസ്സ് പഠിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു.