• Wed. Jan 21st, 2026

24×7 Live News

Apdin News

റഷ്യയുടെ കലാഷ്നിക്കോവ് തോക്കിനെ ഡ്രോണുമായി സംയോജിപ്പിച്ചുണ്ടാക്കിയ പറക്കുന്ന തോക്ക്; പാക് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഭീതി

Byadmin

Jan 21, 2026



ന്യൂദല്‍ഹി: ഇന്ത്യ പാക് അതിര്‍ത്തി നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് ഇന്ത്യയുടെ പറന്ന് നടന്ന് വെടിവെയ്‌ക്കുന്ന തോക്ക് ഭീഷണിയാവുന്നു. ഇന്ത്യാ-പാക് അതിര്‍ത്തിയിലാണ് ഈ തോക്കുകള്‍ വിന്യസിക്കുക. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎസ്എസ് മെറ്റീരിയല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍.

കലാഷ്നിക്കോവിനെ ഡ്രോണുമായി ഘടിപ്പിച്ചപ്പോള്‍

കശ്മീരില്‍ നുഴഞ്ഞുകയറുന്ന ഭീകരര്‍ക്കും ഇത് പേടിസ്വപ്നമാണ്. റഷ്യയിലെ കലാഷ്നിക്കോവ് കമ്പനി വികസിപ്പിച്ച എകെ203 തോക്കിനെ ഡ്രോണുമായി ഘടിപ്പിച്ചതോടെയാണ് ഇത് പറക്കും തോക്കായി മാറുന്നത്. കശ്മീരില്‍ നുഴഞ്ഞുകയറിയെത്തുന്ന പാക് ഭീകരരെ നേരിടുന്നതിലും പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ അതിര്‍ത്തി കാവലിനും ഈ ഡ്രോണ്‍ തോക്ക് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാകുന്നു.ഈയിടെ ഈ തോക്കിന്റെ പരീക്ഷണം വിജയമായിരുന്നു.വാസ്തവത്തില്‍ എകെ203 എന്നത് റഷ്യന്‍ നിര്‍മ്മിത തോക്കാണ്. 2010ല്‍ റഷ്യയിലെ കലാഷ്നിക്കോവ് എന്ന കമ്പനിയാണ് ഈ തോക്കിനെ വികസിപ്പിച്ചത്. പിന്നീട് ഇന്ത്യ-റഷ്യ സംയുക്ത പ്രതിരോധസംരംഭം എന്ന നിലയില്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു. ആത്മനിര്‍ഭര്‍ഭാരത്, മെയ്‌ക്ക് ഇന്‍ ഇന്ത്യ എന്നീ ദൗത്യങ്ങളുടെ ഭാഗമായി റഷ്യ ഈ തോക്കിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്‌ക്ക് കൈമാറുകയും ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ കൂട്ടിച്ചേര്‍ക്കലുകളോടെ ഇന്ത്യ എകെ203നെ പരിഷ്കരിക്കുകയും ചെയ്തു. ഈ തോക്കിനെ ഡ്രോണുമായി ബന്ധിപ്പിച്ച ബിഎസ് എസ് അലിയന്‍സ് എന്ന കമ്പനിയുടെ പരീക്ഷണമാണ് എകെ203ന് പുതിയ മാനം നല്‍കിയത്. ആ പരീക്ഷണം വന്‍വിജയമായി. സായുധവല്‍ക്കരിച്ച എഐ ഡ്രോണ്‍ എന്ന സാങ്കേതികവിദ്യയില്‍ ഇത് വലിയ മുന്നേറ്റം തന്നെയാണ്. അധികം ഉയരത്തിലല്ല, താഴ്ന്ന ആകാശവിതാനത്തിലേ ഈ തോക്ക് ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ.

ഉയരത്തില്‍ നിന്നും നിറയൊഴിക്കാം
ആകാശത്ത് നിന്നും താഴേക്ക് വെടിവെയ്‌ക്കാം എന്നതാണ് ഇതിന്റെ മെച്ചം. ഡ്രോണ്‍ പറന്ന് 300 മീറ്റര്‍ അകലെയുള്ള ശത്രുവിന് നേരെ വെടിയുതിര്‍ക്കാന്‍ സാധിക്കും. ഇത് ആയിരം മീറ്റര്‍ ദൂരത്തില്‍ വരെ നീട്ടാന്‍ കഴിയും.അതായത് ആയിരം മീറ്റര്‍ അകലെയുള്ള ശത്രുവിനെ വെടിവെച്ച് വീഴ്‌ത്താനാകുമെന്ന് അര്‍ത്ഥം. തെര്‍മല്‍, ഒപ്റ്റിക്കല്‍ സെന്‍സറുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുക. ഈ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് കാഴ്ചക്കുറവുള്ളപ്പോഴും ശത്രുവിന്റെ ലക്ഷ്യസ്ഥാനം നിര്‍ണ്ണയിക്കാനും ഇവിടേക്ക് കാറ്റിന്റെ ഗതി, അന്തരീക്ഷോഷ്മാവ്, ദൂരം എന്നിവ കണക്കിലെടുത്ത് നിറയൊഴിക്കാനും സഹായിക്കുന്നത്.

എന്താണ് എകെ203 എന്ന ഡ്രോണ്‍ തോക്കിന്റെ മെച്ചങ്ങള്‍?
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക് ഭീകരരോട് ഏറ്റുമുട്ടി നമ്മുടെ നിരവധി സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരുടെ അടുത്തേക്ക് ഈ എകെ 203 അയയ്‌ക്കാം. അത് പറന്ന് ചെന്ന് തൂണിനു പിറകിലോ മുറിയ്‌ക്കുള്ളിലോ ഒളിഞ്ഞിരിക്കുന്ന ഭീകരനെ വെടിവെയ്‌ക്കും. ഇതിന്റെ ഏറ്റവും വലിയ മെച്ചം നമ്മുടെ പട്ടാളക്കാരുടെ ജീവന് ഹാനിയില്ല എന്നതാണ്.

കശ്മീരിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിലും ഈ തോക്ക് ഇന്ത്യയ്‌ക്ക് ഏറെ അനുഗ്രഹമാകും. മുറിയിലോ മരത്തിന് പിന്നിലെ കുറ്റിക്കാട്ടിലോ മറഞ്ഞിരിക്കുന്ന ഭീകരരുടെ അടുത്തേക്ക് നീങ്ങുക എന്നതാണ് ഭീകരരെ നേരിടുന്നതിലെ ഏറ്റവും വലിയ പരീക്ഷണം. കാരണം മറഞ്ഞിരിക്കുന്ന ഭീകരരുടെ അടുത്തേക്ക് നീങ്ങുന്ന പട്ടാളക്കാരന്റെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യത കൂടുതലാണ്. കാരണം ഇയാള്‍ക്ക് സംരക്ഷണത്തിന് മറയില്ല. ഭീകരവാദിയാകട്ടെ മറഞ്ഞിരിക്കുകയുമാണ്. കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യയ്‌ക്ക് ഏറ്റവുമധികം പട്ടാളക്കാരെ നഷ്ടപ്പെടുന്നത് ഇത്തരം സാഹചര്യത്തിലാണ്. പറക്കുംതോക്ക് ഉണ്ടെങ്കില്‍ ഇതിന് പരിഹാരമാകും.

 

.

By admin